തിരുവനന്തപുരം: ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറായ പതിനെട്ടുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദേശി ബിനോയിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പോക്‌സോ കോടതി ജഡ്ജി എം.പി.ഷിബുവാണ് കസ്റ്റഡി അനുവദിച്ചത്.
പ്രായപൂർത്തിയാകുന്നതിന് മുൻപ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്താലേ വസ്തുതകൾ പുറത്തുവരൂവെന്ന് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ് വാദിച്ചു. പെൺകുട്ടിയുമായി പ്രതി പോയ വർക്കലയിലെ സ്വകാര്യ റിസോർട്ടിലും പ്രതിയുടെ വീട്ടിലും എത്തിച്ച് തെളിവെടുക്കണം. കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനവും കണ്ടെടുക്കണം. പെൺകുട്ടിക്ക് മരുന്ന് വാങ്ങി നൽകിയതിന്റെ തെളിവുകളും ശേഖരിക്കണം. പ്രതിയുടെ ഫോൺ ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കണമെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്നും പൊലീസ് കസ്റ്റഡി ആവശ്യമില്ലെന്നുമുള്ള പ്രതിഭാഗം വാദം കോടതി തള്ളി.