ചി

s

റയിൻകീഴ്: അപകടം തുടർക്കഥയാകുന്ന മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളിക്ക് കൂടി ജീവൻ നഷ്ടമായി. അഞ്ചുതെങ്ങ് മാമ്പള്ളി പുതുമണൽ പുരയിടത്തിൽ വിക്ടർ തോമസാണ് (50) മരിച്ചത്. വള്ളത്തിലുണ്ടായിരുന്ന മറ്റു മൂന്നുപേർ നീന്തി രക്ഷപ്പെട്ടു.

ഫ്രാൻസിസ്, സുരേഷ്, യേശുദാസ് എന്നിവരാണ് രക്ഷപ്പെട്ടത്. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് സംഭവം.

അഞ്ചുതെങ്ങ് തോണിക്കടവ് സ്വദേശി ജോബോയുടെ ഉടമസ്ഥതയിലുള്ള ചിന്തധിര എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. വള്ളം പൂർണമായും തകർന്നു. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവേ അഴിമുഖത്തുവച്ച് ശക്തമായ തിരയിൽ വള്ളം തലകീഴായി മറിയുകയായിരുന്നു. മത്സ്യത്തൊഴിലാളികൾ നടത്തിയ തെരച്ചിലിലാണ് വിക്ടറിന്റെ മൃതദേഹം കണ്ടെത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം മാമ്പള്ളി പള്ളിയിൽ സംസ്കരിച്ചു. ഭാര്യ: മേരി പുഷ്പം. മക്കൾ: ജീവ, ദിവ്യ, വിനീത്. മരുമക്കൾ: അലക്സ്, ഗിൽബർട്ട്, ലക്ഷ്മി.