
ബാലരാമപുരം: മലിനജലം മൂടിയ വഴികൾ, വൃത്തിഹീനമായ കെട്ടിട പരിസരം... പറഞ്ഞുവരുന്നത് ചാനൽപ്പാലം ജംഗ്ഷനിലെ അങ്കണവാടിലേക്ക് പോകുന്ന കാര്യമാണ്. ബാലരാമപുരം പഞ്ചായത്തിലെ റസൽപ്പുരം വാർഡിൽ ചാനൽപ്പാലത്ത് സ്ഥിതിചെയ്യുന്ന പഞ്ചായത്ത് ആരോഗ്യകേന്ദ്രത്തിന് കീഴിലെ ഹെൽത്ത് സെന്ററിന്റെ പ്രവേശനകവാടത്തിലാണ് ചെളിയും വെള്ളക്കെട്ടുമുള്ളത്. ഈ കെട്ടിടത്തിന് പിന്നിലാണ് അങ്കണവാടിയുള്ളത്. പ്രവേശനകവാടത്തിന് മുന്നിൽ വെള്ളക്കെട്ട് പതിവായതോടെ ചെളിവെള്ളത്തിൽ ചവിട്ടിവേണം കുരുന്നുകൾക്ക് അങ്കണവാടിയിലെത്താൻ. ഹെൽത്ത് സെന്ററിന് രണ്ട് പ്രവേശനകവാടമുണ്ടെങ്കിലും സെന്റർ പ്രവർത്തിക്കാത്ത ദിവസങ്ങളിൽ ഒരു ഗേറ്റ് അടച്ചിടും. അതിനാൽ വെള്ളക്കെട്ട് രൂക്ഷമായ ഗേറ്റ് വഴിയാണ് കുരുന്നുകൾക്ക് അകത്ത് കടക്കേണ്ടത്.
രക്ഷിതാക്കൾ നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതർക്ക് മിണ്ടാട്ടമില്ല.ഗേറ്റിന് മുൻവശം കോൺക്രീറ്റ് പാകി സഞ്ചാരയോഗ്യമാക്കണമെന്നാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്. ഹെൽത്ത് സെന്റർ ആധുനിക രീതിയിൽ അടുത്തിടെ നവീകരിച്ചെങ്കിലും വഴി കോൺക്രീറ്റ് പാകുന്നതിൽ വീഴ്ചയുണ്ടായി. പരാതി രൂക്ഷമായപ്പോൾ പഞ്ചായത്ത് പ്രോജക്ട് ഫണ്ടിൽ ഉൾപ്പെടുത്തി നവീകരിക്കാമെന്ന് അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. പടികൾ പുനർനവീകരിച്ച് വഴി കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കാൻ തുച്ഛമായ ഫണ്ട് മാത്രമേ വേണ്ടി വരൂവെന്നാണ് നാട്ടുകാർ പറയുന്നത്. പഞ്ചായത്ത് അടിയന്തര ഫണ്ട് അനുവദിച്ച് അങ്കണവാടിയിലേക്കുള്ള യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം.
കുരുന്നുകൾക്ക് ദുരിതം
പൊട്ടിപ്പൊളിഞ്ഞ പടികളും മലിനജലവും ചവിട്ടി ഏറെ ദുരിതം സഹിച്ചാണ് പിഞ്ചുകുട്ടികൾ അങ്കണവാടിയിലെത്തുന്നത്. പടി കടന്ന് അങ്കണവാടിയിലേക്കും തുടർന്നുള്ള യാത്രയും ചെളിക്കെട്ടിലൂടെയാണ്.
കൊതുക് ശല്യവും
പ്രദേശത്ത് പകൽ സമയത്തും കൊതുകുകളുടെ ശല്യം രൂക്ഷമാണ്.
അങ്കണവാടി
പത്തോളം കുരുന്നുകളാണ് ഇവിടെയുള്ളത്.വഴി സുരക്ഷിതമല്ലാത്തതിനാൽ മിക്ക രക്ഷിതാക്കളും അങ്കണവാടിയിലേക്ക് കുട്ടികളെ അയയ്ക്കാൻ മടിക്കുകയാണ്.
രണ്ട് ഗേറ്റുണ്ടെങ്കിലും
പഞ്ചായത്ത് ഹെൽത്ത് സെന്ററിന് രണ്ട് പ്രവേശകവാടമുണ്ട്. ഹെൽത്ത് സെന്റർ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രമേ പ്രവർത്തിക്കുകയുള്ളൂ.അതിനാൽ ഒരു ഗേറ്റ് അടച്ചിടും.ഇക്കാരണത്താൽ വെള്ളക്കെട്ട് നിറഞ്ഞ വഴിയിലൂടെ മാത്രമേ അങ്കണവാടിയിലേക്ക് ചെന്നെത്താൻ സാധിക്കുകയുള്ളൂ.