busi

തിരുവനന്തപുരം: വ്യവസായ മേഖലയിൽ മൂലധന നിക്ഷേപം ആകർഷിക്കുന്നതിന് സംസ്ഥാനത്ത് ജനുവരിയിൽ ആഗോള നിക്ഷേപക സംഗമം സംഘടിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് നിയമസഭയിൽ പറഞ്ഞു.

ഇതിന് മുന്നോടിയായി ലോജിസ്റ്റിക്, ഇ.എസ്.ജി, ഗ്രാഫീൻ, കയറ്റുമതി നയങ്ങൾക്ക് രൂപം നൽകും. 22 മേഖലകളിലായി സംരംഭകരുടെ 12റൗണ്ട് ടേബിൾ സമ്മേളനങ്ങളും ജൂലായ് 11,12തീയതികളിൽ അന്താരാഷ്ട്ര ജെൻ എ.ഐ കോൺക്ലേവ് കൊച്ചിയിൽ സംഘടിപ്പിക്കും. കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ 9598കോടി രൂപയുടെ നിക്ഷേപമാണ് ലഭിച്ചത്.

നിക്ഷേപകർക്ക് ആനുകൂല്യ പെരുമഴ

കെ.എസ്.ഐ.ഡി.സി, കിൻഫ്ര എന്നിവയുടെ ലാൻഡ് അലോട്ട്‌മെന്റ് നയം പരിഷ്‌കരിക്കും.50 കോടി രൂപ വരെ മുതൽമുടക്കുന്നവർ ആദ്യം 20 ശതമാനം തുക അടച്ചാൽ മതി. 50കോടി രൂപ മുതൽ 100 കോടി രൂപ വരെ നിക്ഷേപിക്കുന്നവർക്ക് രണ്ടുവർഷം മൊറോട്ടോറിയം നൽകും. നൂറുകോടി രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങൾക്ക് 10 ശതമാനം തുകയാണ് നൽകേണ്ടത്.

ഗ്രാമ,നഗര ആസൂത്രണ ഭേദഗതി നിയമത്തിന്റെ ഭാഗമായുള്ള ചട്ട ഭേദഗതിയിൽ ലാൻഡ് പൂളിംഗും വിഭാവനം ചെയ്തിട്ടുണ്ട്.വ്യവസായം ആരംഭിക്കുന്നതിനായി ഉദ്ദേശിക്കുന്ന സ്ഥലത്ത് ഭൂമി പൂൾ ചെയ്യുന്നതിന് നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കും 75 ശതമാനം പേർ അനുകൂലമാണെങ്കിൽ പൂളിംഗ് വ്യവസ്ഥയിൽ ഭൂമി ഏറ്റെടുക്കും. വ്യാവസായിക ആവശ്യത്തിന് ഉപയോഗിച്ചതിന് ശേഷമുള്ള ഭൂമി ഉടമസ്ഥർക്ക് തിരിച്ചു നൽകും.