
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതി വിഹിതം സമയബന്ധിതമായി വിതരണം ചെയ്യാൻ സർക്കാർ തയ്യാറാകണമെന്ന് കെ.പി.സി.സി നേതൃയോഗം ആവശ്യപ്പെട്ടു.തുക സമയബന്ധിതമായി വിതരണം ചെയ്യാൻ തയ്യാറായില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും കെപിസിസി നേതൃയോഗം തീരുമാനിച്ചു.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, വർക്കിംഗ് പ്രസിഡന്റുമാരായ രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, യു.ഡി.എഫ് കൺവീനർ എം.എം ഹസൻ,
തുടങ്ങിയവർ ചേർന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ തിളക്കമാർന്ന വിജയം കേക്ക് മുറിച്ച് ആഘോഷിച്ചു. തിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് എം.പിമാർക്ക് സ്വീകരണവും നൽകി.
പങ്കെടുക്കാതെ
മുരളീധരൻ
കെ.പി.സി.സി, യു.ഡി.എഫ് യോഗങ്ങളിൽ നിന്ന് മുതിർന്ന നേതാവ് കെ.മുരളീധരൻ വിട്ടു നിന്നു. തൽക്കാലം എല്ലാ പാർട്ടി പരിപാടികളിൽ നിന്നും വിട്ടു നിൽക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണിത്. തൃശൂർ മണ്ഡലത്തിലെ തോൽവി അന്വേഷിക്കുന്ന മുതിർന്ന നേതാവ് കെ.സി ജോസഫിന്റെ നേതൃത്വത്തിലുള്ള സമിതി അദ്ദേഹത്തിന്റെ വീട്ടിലെത്തി ആശയവിനിമയം നടത്തി.