തിരുവനന്തപുരം: മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് കൂടുതൽ നിരക്ക് ഈടാക്കുന്നതുൾപ്പെടെ വ്യാപക പരാതിയുയർന്ന അടിസ്ഥാനത്തിൽ തൈക്കാട് മിനി ശ്മശാനത്തിന്റെ നടത്തിപ്പ് നഗരസഭ ഏറ്റെടുക്കുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ കൗൺസിൽ യോഗത്തിൽ അറിയിച്ചു. തൈക്കാട് ശാന്തികവാടത്തിൽ മൃതദേഹം സംസ്‌കരിക്കുന്നതിന് അമിത കൂലി ഈടാക്കുന്നതായി നിരവധി പരാതികളാണുയർന്നത്. നഗരസഭ നിശ്ചയിച്ച തുകയെക്കാൾ 13,00 രൂപ സംസ്‌കാരത്തിന് മേൽനോട്ടം വഹിക്കുന്ന സൊസൈറ്റി ജീവനക്കാർ പിരിക്കുന്നുവെന്നാണ് പരാതി.

സി.പി.എമ്മിന്റെ നിയന്ത്രണത്തിൽ തൈക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രാവൻകൂർ ഇലക്ട്രിക്കൽ ആൻഡ് സിവിൽ ലേബർ കോൺട്രാക്ട് കോഓർപ്പറേറ്റിവ് സൊസൈറ്റിയാണ് അനധികൃത പിരിവ് നടത്തുന്നതെന്നാണ് പരാതി.

രണ്ട് ഇലക്ട്രിക്,രണ്ട് ഗ്യാസ്,നാല് വിറക് ചിതകളാണ് ശാന്തികവാടത്തിലുള്ളത്.ഇതിൽ ഇലക്ട്രിക്,ഗ്യാസ് ചിതകളിൽ സംസ്‌കരിക്കുന്നതിന് 1600 രൂപയും (തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ ബി.പി.എൽ കുടുംബത്തിന് 850 രൂപ) മിനി ശ്മശാനമായ വിറക് ചിതയിൽ സംസ്‌കരിക്കുന്നതിന് 1700 രൂപയുമാണ് കൗൺസിൽ അംഗീകരിച്ചിട്ടുള്ളത്.
എന്നാൽ വിറക് ചിതയിൽ സംസ്‌കരിക്കുന്നതിന് 1700 രൂപയ്ക്ക് പുറമെ 1300 രൂപ കൂടി നൽകണമെന്നാണ് സംസ്‌കാരത്തിന് മേൽനോട്ടം വഹിക്കുന്ന ജീവനക്കാരുടെ നിലപാട്.ഇതിന് രസീതും നൽകില്ല.അനധികൃത പണപ്പിരിവാണെന്ന് ബോദ്ധ്യമുണ്ടെങ്കിലും സംസ്‌കാരം നടക്കേണ്ടതിനാൽ ബി.പി.എൽ കുടുംബങ്ങൾവരെ 3000 രൂപ അടയ്‌ക്കേണ്ടിവരുന്നു.

ഈ സാമ്പത്തികവർഷം ഏറ്റെടുക്കും

വിറക് ലഭ്യമാക്കുന്നതിനുള്ള കരാർ ഉറപ്പിക്കുന്ന മുറയ്ക്ക് ഈ സാമ്പത്തിക വർഷം സ്വകാര്യ വ്യക്തിക്ക് നൽകിയ കരാർ റദ്ദാക്കുമെന്ന് മേയർ അറിയിച്ചു. 2 വീതം ഇലക്ട്രിക്,ഗ്യാസ് ശ്മശാനങ്ങളും വിറകിൽ പ്രവർത്തിക്കുന്ന ശ്മശാനവുമാണ് നിലവിൽ ശാന്തികവാടത്തിലുള്ളത്.ഇതിൽ ഇലക്ട്രിക്,ഗ്യാസ് ശ്മശാനങ്ങൾ കോർപറേഷൻ നേരിട്ടാണ് നടത്തുന്നത്.വിറക് ശ്മാശനത്തിന്റെ നടത്തിപ്പ് ഓരോ സാമ്പത്തികവർഷവും കരാർ നൽകുകയാണ് രീതി.2022– 2023 സാമ്പത്തിക വർഷം 11.28 ലക്ഷം രൂപയ്ക്കാണ് കരാർ നൽകിയത്. നടത്തിപ്പിനായുള്ള സഹകരണസംഘം ടെൻഡർ തുക മുഴുവൻ നൽകിയില്ല.തുടർന്ന് കഴിഞ്ഞ വർഷം 4.10 ലക്ഷം രൂപയ്ക്ക് സ്വകാര്യ വ്യക്തിക്ക് കരാർ നൽകി.ഈ സാമ്പത്തിക വർഷം 4.51 ലക്ഷത്തിനാണ് ലേലം ആരംഭിച്ചതെങ്കിലും ഉറപ്പിച്ചിരിക്കുന്നത് 4.20 ലക്ഷത്തിനാണ്.പ്രതിമാസം ശരാശരി 175 മൃതദേഹങ്ങൾ വിറക് ശ്മശാനത്തിൽ സംസ്‌കരിക്കുന്നുണ്ടെന്നാണ് കണക്ക്.

തെരുവുവിളക്കുകളുടെ അറ്റകുറ്റപണി

തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി നടക്കുന്നില്ലെന്ന പരാതിയും വിവിധ കൗൺസിലർമാർ ഉന്നയിച്ചു. അറ്റകുറ്റപ്പണിക്ക് കരാറെടുത്തിട്ടുള്ള കമ്പനിയുടെ പ്രവർത്തനം തൃപ്തികരമല്ലെന്ന് ഇവർ ചൂണ്ടിക്കാട്ടി. തുടർന്ന് കരാർ കമ്പനി അധികൃതരും കൗൺസിലർമാരും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമടങ്ങുന്ന യോഗം ഉടൻ വിളിച്ച് പ്രശ്നം പരിഹരിക്കാമെന്ന് മേയർ കൗൺസിലിൽ അറിയിച്ചു.