
വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്തിന്റെ തുടർ പദ്ധതികൾ വേഗത്തിലാക്കുന്നതിനായി കേന്ദ്ര റെയിൽവേ മന്ത്രിയും ഷിപ്പിംഗ് മന്ത്രിയും വിഴിഞ്ഞം സന്ദർശിക്കാൻ ആവശ്യപ്പെടുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ഡിസംബറിനുള്ളിൽ കേന്ദ്രമന്ത്രിമാരെ വിഴിഞ്ഞം തുറമുഖത്ത് എത്തിക്കും.
വിഴിഞ്ഞത്തെ തുരങ്ക പാതയുടെ നിർമ്മാണത്തിന് റെയിൽവേയുടെ പങ്ക് വളരെ വലുതാണ്. ഇക്കാര്യത്തിൽ റെയിൽവെ, ഷിപ്പിംഗ് മന്ത്രിമാരുമായി ചർച്ച നടത്തും. മുതലപ്പൊഴിയിൽ അപകടങ്ങൾ കുറയ്ക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കും. ഇതിന് അദാനി പോർട്സിന്റെ സഹകരണം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. അദാനി തുറമുഖ കമ്പനിയുമായി സഹകരിച്ച് ഹാർബർ എൻജിനിയറിംഗ്, ജിയോളജി വിഭാഗം എന്നിവരുമായി ചേർന്ന് അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള സാഹചര്യമുണ്ടാക്കും. സെപ്തംബർ അവസാനത്തോടെ പരിഹാരം കാണും.
കേരളത്തിന്റെ വിനോദ സഞ്ചാരമേഖലയിൽ പ്രധാനമന്ത്രിക്ക് പ്രത്യേക താത്പര്യമുണ്ട്. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ശംഖുംമുഖത്തിനും കോവളത്തിനും പ്രത്യേക പരിഗണന നൽകും. കോവളത്ത് വിനോദ സഞ്ചാരികൾക്ക് ആവശ്യമായ മോട്ടൽ സൗകര്യമുൾപ്പെടെ സജ്ജമാക്കും. തിരുവനന്തപുരത്തിന്റെ ശുദ്ധജലതടാകമായ വെള്ളായണിക്കായലിനെ നിലവിൽ ലഭിക്കുന്നതിന്റെ മൂന്നിരട്ടി വെള്ളം ലഭിക്കുന്നതാക്കി മാറ്റും. കായലിന് ചുറ്റും സൈക്കിൾപാതയും നടപ്പാതയും പക്ഷികൾക്ക് ആവാസമാക്കാനുള്ള മരം വച്ചുപിടിപ്പിക്കൽ എന്നീ സൗകര്യങ്ങളും ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിസിൽ എം.ഡി ഡോ. ദിവ്യ എസ്.അയ്യർ, സി.ഇ.ഒ ശ്രീകുമാർ കെ.നായർ, തുറമുഖ കമ്പനി സി.ഇ.ഒ പ്രദീപ് ജയരാമൻ, കോർപ്പറേറ്റ് അഫയേഴ്‌സ് മേധാവി ഡോ. അനിൽ ബാലകൃഷ്ണൻ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്, ചേംബർ ഒഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ്.എൻ.രഘു ചന്ദ്രൻ നായർ, സിനിമാ താരങ്ങളായ നന്ദു, മണിയൻപിള്ള രാജു എന്നിവരും മന്ത്രിക്കൊപ്പം എത്തിയിരുന്നു.