
കിളിമാനൂർ: കിളിമാനൂർ ബ്ലോക്ക് പരിധിയിൽ ഇത്തവണ ഓണക്കാലത്ത് പൂവിളി ഉയരും. പൂക്കൾക്കൊപ്പം ഓണസദ്യക്കുള്ള നാടൻ ജൈവ പച്ചക്കറികളും വീടുകളിൽ ആവശ്യക്കാർക്ക് എത്തും. ഓണത്തിന് ഒരു കുട്ടപ്പൂവും ഒരു മുറം പച്ചക്കറിയും എന്ന മുദ്രാവാക്യമുയർത്തി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പൂവനി 2024 പദ്ധതി മാത്തയിൽ തരിശ് ഭൂമിയിൽ ഹൈബ്രിഡ് ജമന്തി തൈകൾ നട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി ഉദ്ഘാടനം ചെയ്തു.
നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത അദ്ധ്യക്ഷയായി. കൃഷിവകുപ്പ്, കുടുംബശ്രീ, എൻ.ആർ.ഇ.ജി, ഹരിത കേരള മിഷൻ ബ്ലോക്ക് പരിധിയിലെ നഗരൂർ, പഴയകുന്നുമേൽ, മടവൂർ, നാവായിക്കുളം, കരവാരം, കിളിമാനൂർ, പുളിമാത്ത് എന്നീ പഞ്ചായത്തുകളുടെ സംയുക്ത നേതൃത്വത്തിലാണ് പൂപ്പാടങ്ങൾ ഒരുങ്ങുന്നത്. 46 ഏക്കർ സ്ഥലത്ത് 30 ഏക്കറിൽ പൂക്കളും 16 ഏക്കറിൽ പച്ചക്കറിയും നടും. ജൂൺ 24 ന് നടീൽ പൂർത്തിയാക്കും. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളാണ് തരിശ് ഭൂമികൾ കിളച്ച് കൃഷിയോഗ്യമാക്കി കർഷകർക്ക് കൈമാറുന്നത്.
114 കുടുംബശ്രീ സംഘകൃഷി യൂണിറ്റുകളാണ് കൃഷിക്കാർ. ഓറഞ്ച് വിജെ ബുഷ്, സുപ്രീം ഓറഞ്ച്, അശോക ഓറഞ്ച്, സക്കാറ്റ യെല്ലോ എന്നീ ഹൈബ്രിഡ് ചെണ്ടുമല്ലി തൈകളാണ് നടുന്നത്. ആഗസ്റ്റ് /സെപ്തംബർ മാസങ്ങളിൽ വിളവെടുക്കും. കിളിമാനൂർ ബ്ലോക്കിൽ ആദ്യമായാണ് ഇത്രയും ബൃഹത്തായ പൂക്കൃഷി ഇറക്കുന്നത്. പുളിമാത്ത് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ 7 കൃഷി ഭവനുകളിലെ കൃഷി ഉദ്യോഗസ്ഥർ പദ്ധതിക്ക് മേൽനോട്ടം വഹിക്കും. ഉദ്ഘാടനചടങ്ങിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ എസ്.ആർ.സബിത പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.ശ്രീജ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബി ശ്രീരാജ്, ജനപ്രതിനിധികളായ ടി.എസ്.ശോഭ,എ.എസ്.വിജയലക്ഷ്മി, കെ.അനിൽകുമാർ,പി.ബി.അനശ്വരി,ലാലി ജയകുമാർ സരളമ്മ,നിസാമുദ്ദീൻ,അനോബ് ആനന്ദ്,കെ.ശ്രീലത, ഉഷ, അർച്ചന, സി.ഡി.എസ് ചെയർപേഴ്സൺ ജി.ഷീബ,ഹരിത മിഷൻ ആർ.പി പി പ്രവീൺ,എസ്.ഹരീഷ് തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫീസർ ഡോ.നിയാ സെലിൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ആർ.എസ്.ഷിജ നന്ദിയും പറഞ്ഞു.