
പൂവാർ: പ്രകൃതിക്ഷോഭവും കള്ളക്കടൽ പ്രതിഭാസവും തകർത്ത പൂവാറിലെ ഗോൾഡൻ ബീച്ചും, ബീച്ച് റോഡും നവീകരിക്കാൻ നടപടി വേണമെന്ന് പ്രദേശവാസികൾ. തകർന്ന ബീച്ച് റോഡ് അടിയന്തരമായി നവീകരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പൂവാർ ജംഗ്ഷനിൽ നിന്നും ബീച്ചിലേക്ക് പോകുന്ന റോഡാണ് തകർന്നത്. ഇ.എം.എസ് കോളനി മുതൽ പൊഴിക്കര വരെയുള്ള ഏകദേശം 300 മീറ്ററോളം ഇടിഞ്ഞുതാഴ്ന്നിട്ടുണ്ട്. പൊഴിക്കരയിലെത്തുന്ന ടൂറിസ്റ്റുകളും കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ എത്തുന്നവരും ഭയത്തോടെയാണ് വാഹനങ്ങൾ ഓടിക്കുന്നത്.
വൈകുന്നേരങ്ങളിൽ നടക്കാനെത്തുന്നവരും ദുരിതത്തിലായിട്ടുണ്ട്.
കൈവരിയും തകർന്നു
ടൂറിസ്റ്റുകൾ കടൽക്കാഴ്ച കാണാൻ ഇരിക്കാറുള്ള കൈവരി പൂർണമായും തകർന്നു. ഗോൾഡൻ ബീച്ചിന്റെ വീതി പകുതിയോളം തകർന്നു. പല സ്ഥലങ്ങളും ദ്വീപിന് സമാനമായ ഒറ്റപ്പെട്ട അവസ്ഥയിലാണ്. പ്രദേശത്തെ വൈദ്യുത ലൈനുകളും തകർന്നു. മറിഞ്ഞുവീണ പോസ്റ്റുകൾ ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാർ നേരെയാക്കിയെങ്കിലും അവ സുരക്ഷിതമല്ലെന്നാണ് ടൂറിസ്റ്റുകൾ പറയുന്നത്.
തൊഴിലാളികൾക്കും ബുദ്ധിമുട്ട്
പൂവാർ കേസ്റ്റൽ പോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഒറ്റപ്പെട്ട അവസ്ഥയിലാണ്. പൊഴിക്കരയിലേക്കുള്ള ഗതാഗതം തകരാറിലായതോടെ ടൂറിസ്റ്റുകളുടെ വരവും കുറഞ്ഞു. ഇതോടെ വലിയ പ്രതീക്ഷയിലായിരുന്ന ചെറുകച്ചവടക്കാരും ബോട്ട് തൊഴിലാളികളും തൊഴിൽ രഹിതരായി.
ആശ്രദ്ധയോ?
ആഴ്ചകളായി തുടരുന്ന മഴയും മോശം കാലാവസ്ഥയും തീരത്തിന്റെ ഭംഗി കവർന്നെടുക്കുന്നെന്നാണ് നാട്ടുകാർ പറയുന്നത്. തോരാമഴയും, നെയ്യാർഡാം തുറന്നതും ബ്രേക്ക് വാട്ടറിൽ വെള്ളം പൊങ്ങിയപ്പോൾ പൊഴിമുറിയാൻ വൈകിയതുമാണ് തീരത്തെ റോഡ് ഇടിഞ്ഞുതാഴാൻ കാരണമായത്. സമയോചിതമായി പൊഴി മുറിക്കാൻ കഴിയാതെപോയത് പ്രതിസന്ധി വർദ്ധിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വേണ്ടത്ര ശ്രദ്ധിച്ചില്ലെന്നും നാട്ടുകാർ പറയുന്നു.
തീരം കടൽ വിഴുങ്ങി
ബ്രേക്ക് വാട്ടറിൽ നിന്നും റോഡിനോടു ചേർന്ന് വെള്ളം ഒഴുകാൻ സാദ്ധ്യതയുണ്ടെന്ന് അറിവുണ്ടായിട്ടും അധികൃതർ അനാസ്ഥ കാട്ടിയതായാണ് ആക്ഷേപം. പൊഴിക്കരയുടെ കിഴക്കുഭാഗത്ത് കുളത്തൂർ ഗ്രാമപഞ്ചായത്തും പടിഞ്ഞാറു ഭാഗത്ത് പൂവാർ ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് പൊഴി മുറിക്കാറുള്ളത്. എന്നാൽ മുറിച്ച പൊഴി കടൽക്ഷോഭം കാരണം മണൽകൊണ്ട് മൂടി. പകരം സംവിധാനം ഒരുക്കാൻ അധികൃതർക്കായില്ല. അതോടെയാണ് തീരം കടൽ വിഴുങ്ങിയത്.
നടപടിയെടുക്കാതെ
നെയ്യാറിൽ ക്രമാതീതമായി വെള്ളം ഉയർന്നാൽ തീരത്ത് പ്രതിസന്ധി രൂക്ഷമാകുമെന്ന മുന്നറിയിപ്പ് ദുരന്തനിവാരണ അതോറിട്ടിക്കും കളക്ടർ അടക്കമുള്ളവർക്കും നൽകിയിട്ടും പ്രദേശം സന്ദർശിക്കാനോ നടപടികൾ കൈക്കൊള്ളാനോ അധികൃതർ തയ്യാറായില്ല. സ്ഥലം സന്ദർശിച്ച എം.വിൻസെന്റ് എം.എൽ.എ ദുരന്തനിവാരണ അതോറിട്ടിയെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല.
രക്ഷ വേണം
അധികൃതർ സമയോചിതമായി ഇടപെട്ടിരുന്നുവെങ്കിൽ വലിയ നാശനഷ്ടങ്ങളിൽ നിന്ന് പ്രദേശത്തെ രക്ഷിക്കാമായിരുന്നു എന്നാണ് വിലയിരുത്തൽ. ഡോ. ശശിതരൂർ എം.പിയും സ്ഥലം സന്ദർശിച്ച് തകർന്ന റോഡും ബിച്ചും പുനഃസ്ഥാപിക്കാൻ വേണ്ട ഇടപെടൽ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.