ambaan

സമീർ താഹി‌ർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനാവാൻ സജിൻ ഗോപു ഒരുങ്ങുന്നു. ചെമ്പൻ വിനോദ് ആണ് രചന. ചിത്രീകരണം ഈ വർഷം അവസാനം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. ചെമ്പോസ് കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ് ആണ് നിർമ്മാണം. അതേസമയം മോഹൻലാലിനെ നായകനാക്കി ചെമ്പൻ വിനോദിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്യാൻ നിശ്ചയിച്ച റമ്പാൻ ഉപേക്ഷിച്ചിരുന്നു. ഒരു അച്ഛന്റെയും മകളുടെയും കഥയാണ് റമ്പാന്റേത്. റമ്പാൻ എന്ന ചിത്രത്തിന്റെ കഥയിൽ മാറ്രം വരുത്തി ടൈറ്റിൽ മാത്രം സജിൻ ഗോപു ചിത്രത്തിന് നൽകാൻ തീരുമാനമെന്നാണ് വിവരം.ജോഷി മോഹൻലാൽ ചിത്രം റമ്പാന്റെ ഛായാഗ്രാഹകൻ സമീർ താഹിർ ആയിരുന്നു . അഷ്റഫ് ഹംസ സംവിധാനം ചെയ്ത തമാശ എന്ന ചിത്രം ചെമ്പനും സമീർ താഹിറും ചേർന്നാണ് നിർമ്മിച്ചത്. റമ്പാന്റെ പൂജ വിപുലമായി നടത്തിയിരുന്നതാണ്. നവാഗതനായ ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് സജിൻ ഗോപു. സജിൻ ഗോപു നായകനായി അരങ്ങേറ്റം നടത്തുന്ന ചിത്രത്തിൽ അനശ്വര രാജൻ ആണ് നായിക. ആവേശത്തിലൂടെ അരങ്ങേറ്റം കുറിച്ച റോഷൻ ഷാനവാസും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ആലുവയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന് ജിതു മാധവൻ ആണ് രചന. ജിതു മാധവൻ രചനയും സംവിധാനവും നിർവഹിച്ച ആവേശം സിനിമയിൽ ഫഹദ് ഫാസിലിനൊപ്പം അമ്പാൻ എന്ന കഥാപാത്രമായി തിളങ്ങിയ താരമാണ് സജിൻ ഗോപു.