ആറ്റിങ്ങൽ: പ്രായപൂർത്തിയാകാത്ത പെൺക്കുട്ടികളെ പീഡിപ്പിച്ച രണ്ടാനച്ഛന് വ്യത്യസ്ത കേസുകളിലായി ജീവിതാന്ത്യം വരെ കഠിന തടവും 14,50,000 രൂപ പിഴയും ശിക്ഷ. മാതാവിനോട് അടുപ്പം സ്ഥാപിച്ചശേഷം രണ്ടാം അച്ഛനായി കൂടെ കൂടിയ ബിനു കുമാറിനെയാണ് (43) ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ബിജു കുമാർ ശിക്ഷിച്ചത്. മാതൃ സഹോദരി പുത്രിയുടെ കുട്ടികളാണ് അതിജീവിതകൾ.
ഭർത്താവുമായി ബന്ധം പിരിഞ്ഞ് കഴിയുകയായിരുന്നു കുട്ടികളുടെ അമ്മ. ഈ ബന്ധത്തിൽ ഒരു കുഞ്ഞുമുണ്ട്. രണ്ടുവർഷക്കാലത്തിലധികമായി കുട്ടികളെ പീഡിപ്പിക്കുകയും നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തിരുന്നു.
അച്ചൻകോവിൽ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന പ്രകാശ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച കേസിൽ കുറ്റകൃത്യം സംഭവിച്ചത് പള്ളിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അവിടേക്ക് മാറ്റി. തുടർന്ന് പള്ളിക്കൽ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം.സഹിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത്.പി അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. രണ്ട് കേസുകളിലും പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം.മുഹസിൻ ഹാജരായി.