
തിരുവനന്തപുരം: ഈ വർഷം പതിനായിരം യോഗ ക്ളബുകൾ സംസ്ഥാനത്ത് സ്ഥാപിക്കുമെന്ന് മന്ത്രി വീണാ ജോർജ്ജ്. സെൻട്രൽ സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര യോഗദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഒരു ക്ളബിൽ 25 അംഗങ്ങളുണ്ടാകും. രണ്ടരലക്ഷം പേരെ യോഗാഭ്യാസത്തിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം. യോഗയ്ക്ക് ലോകമെമ്പാടും ലഭിക്കുന്ന അംഗീകാരം രാജ്യത്തിന് അഭിമാനമാണെന്ന് മന്ത്രി പറഞ്ഞു.
1000 യോഗ ക്ലബുകളുടെ പ്രവർത്തന റിപ്പോർട്ട് ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.രാജൻ ഖോബ്രഗഡെ മന്ത്രിക്ക് സമർപ്പിച്ചു. വിശിഷ്ടാതിഥികൾക്ക് യോഗ മാറ്റ് സമ്മാനിച്ചു. തുടർന്ന് ജില്ലയിലെ ആയുഷ് യോഗ ക്ലബ് അംഗങ്ങളുടെ മാസ് യോഗാ പ്രദർശനം അരങ്ങേറി. യോഗ പരിശീലക ഡോ. കാവ്യ നേതൃത്വം നൽകി.