തിരുവനന്തപുരം: വിവിധ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ യോഗ ദിനാഘോഷം നടത്തി. 'യോഗ സ്വയത്തിനും സമൂഹത്തിനും വേണ്ടി' എന്നതായിരുന്നു പ്രമേയം. ദക്ഷിണ വ്യോമസേനാ ആസ്ഥാനത്തും വിവിധ യൂണിറ്റുകളിലും യോഗാദിനം ആചരിച്ചു. ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ബി. മണികണ്ഠന്റെ നേതൃത്ത്വത്തിൽ നടന്ന ചടങ്ങിൽ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു. കരസേനാ പാങ്ങോട് മിലിട്ടറി സ്‌റ്റേഷനിൽ യോഗ ദിനം ആചരിച്ചു. കുളച്ചൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ശ്രീ രാമകൃഷ്ണ കോളേജ് ഒഫ് നാച്യൂറോപ്പതി ആൻഡ് സയൻസിലെ കുട്ടികൾ യോഗാഭ്യാസങ്ങൾ അവതരിപ്പിച്ചു.കോസ്റ്റ് ഗാർഡ് വിഴിഞ്ഞം സ്റ്റേഷനിലും കപ്പലിലും യോഗ ദിനം ആചരിച്ചു.സ്റ്റേഷൻ കമാൻഡർ ജി. ശ്രീകുമാർ നേതൃത്വം നൽകി. ഇന്ത്യൻ നേവൽ വെറ്ററൻ സൊസൈറ്റിയുടെ ഏകോപനത്തിൽ തിരുവനന്തപുരത്തെ നേവൽ ആർമമെന്റ് ഇൻസ്‌പെക്ടറേറ്റ് കഴക്കൂട്ടത്തെ ഗോധ ടർഫിൽ യോഗാദിനം സംഘടിപ്പിച്ചു. മൂന്ന് സേനാവിഭാഗങ്ങളിലെയും വിമുക്തഭടന്മാർ, നേവൽ എൻ.സി.സി യൂണിറ്റിലെ കേഡറ്റുകൾ എന്നിവർ പങ്കെടുത്തു. കഴക്കൂട്ടം സൈനിക് സ്‌കൂൾ പ്രിൻസിപ്പൽ കേണൽ ധീരേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ യോഗ ദിനം ആചരിച്ചു. എൻ.സി.സി തിരുവനന്തപുരം ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലും വിവിധ സ്ഥലങ്ങളിൽ യോഗാദിനം ആചരിച്ചു.