
പാലോട്: നന്ദിയോട് എസ്.കെ.വി ഹയർ സെക്കൻഡറി സ്കൂളിന് നൂറുശതമാനം വിജയം നേടിക്കൊടുത്ത ചാരിതാർത്ഥ്യത്തിൽ ഹെഡ്മിസ്ട്രസ് റാണി പടിയിറങ്ങി. 248 വിദ്യാർത്ഥികളാണ് ഇക്കുറി എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. ഒരു വിദ്യാർത്ഥി ഒഴികെ ബാക്കിയെല്ലാവരും വിജയിച്ചു. പരാജയപ്പെട്ട വിദ്യാർത്ഥി സേ പരീക്ഷയിലൂടെയും വിജയിച്ചു. 61 പേർക്ക് ഫുൾ എ പ്ലസും ലഭിച്ചു. ചരിത്രത്തിലാദ്യമായാണ് നന്ദിയോട് എസ്.കെ.വി സ്കൂളിന് നൂറു ശതമാനം വിജയം ലഭിക്കുന്നത്.
യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ അധിക ഡിവിഷൻ നേടിയെടുത്തതും സ്റ്റേറ്റ് കലോത്സവത്തിൽ 52 കുട്ടികളെ പങ്കെടുപ്പിച്ച് സബ് ജില്ലയിൽ ആദ്യമായി ഓവറാൾ നേട്ടം കൈവരിച്ചതും റാണി ടീച്ചറിന്റെ കാലയളവിലാണ്. ന്യൂസ്‌പേപ്പർ ചലഞ്ചിലൂടെ കുട്ടികൾ ശേഖരിച്ച പത്രം വിറ്റു കിട്ടിയ പണം ഉപയോഗിച്ച് ഗാന്ധിപ്രതിമ സ്ഥാപിച്ചതും നല്ല കൃഷിപാഠം ക്ലബ്ബിനുള്ള സർക്കാർ അവാർഡ് നേടിയെടുക്കാനായതും ടീച്ചറിലൂടെയാണ്.