വർക്കല: ഉൾപ്രദേശങ്ങളിലും ടൗണുകളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷം.കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പുന്നമൂടിന് സമീപം മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയ 6 ഓളം പേരെ തെരുവ് നായ്ക്കൾ ആക്രമിച്ചു.പുന്നമൂട് പട്ടുവിള വീട്ടിൽ വൃദ്ധനായ ശിവദാസൻ നായർക്ക് കാലിൽ ആഴത്തിൽ മുറിവേറ്റു. മുറിവേറ്റവർ വർക്കല താലൂക്ക് ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി.ട്യൂഷനും സ്കൂളുകളിലും പോകുന്ന വിദ്യാർത്ഥികളും നായ്ക്കളെ പേടിച്ചാണ് യാത്ര ചെയ്യുന്നത്.
സംഭവത്തിൽ വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളും പ്രതിഷേധവുമായി രംഗത്തെത്തി.ഇക്കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ വർക്കലയിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് നാല്പതിലധികം പേർക്കാണ്.വർക്കല - ശിവഗിരി റെയിൽവേ സ്റ്റേഷൻ,പ്രൈവറ്റ് ബസ് സ്റ്റാൻഡ്,പുന്നമൂട് - വർക്കല ക്ഷേത്രം റോഡ്,പാപനാശം,താലൂക്ക് ആശുപത്രി പരിസരം,പൊലീസ് സ്റ്റേഷനു സമീപം,കണ്വാശ്രമം,വട്ടപ്ലാമൂട്,എസ്.എൻ കോളേജ് ജംഗ്ഷൻ, പുത്തൻചന്ത എന്നിവിടങ്ങളിലെല്ലാം തെരുവുനായ്ക്കളുടെ ശല്യം വർദ്ധിച്ചിട്ടുണ്ട്. നഗരസഭ പരിധിയിൽ തെരുവ് നായ്ക്കളുടെ അതിക്രമം ദിനംപ്രതി കൂടി വന്നിട്ടും അധികൃതർ നടപടി കൈക്കൊള്ളുന്നില്ലെന്ന് പുന്നമൂട് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.അജയകുമാർ പറഞ്ഞു.