
വിഴിഞ്ഞം: മൂന്ന് പതിറ്റാണ്ടായി മലയാളിയുടെ സാമ്പാർക്കൂട്ടിനെ വിദേശികൾക്ക് പരിചയപ്പെടുത്തുന്ന അമേരിക്കൻ സ്വദേശിനി ഓർമ്മയായി. കാലിഫോർണിയയിൽ മാദ്ധ്യമപ്രവർത്തകയായും പബ്ലിക് ഇൻഫർമേഷൻ ഓഫീസറായും വിരമിച്ച ശേഷം തിരുവല്ല തുമ്പമൺ സ്വദേശിയായ ഭർത്താവ് ടി.ജെ.മാത്യുവിനൊപ്പം 1991 മുതൽ കോവളത്ത് ബീച്ച് റോഡിൽ തയ്യിൽകടലോരം വീട്ടിൽ താമസമാക്കിയ സാലി മാത്യു (91) കഴിഞ്ഞ ദിവസമാണ് നിര്യാതയായത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിദ്യാർത്ഥികൾക്ക് പഠനത്തിന് നൽകും.
പ്രമുഖ മാദ്ധ്യമ പ്രവർത്തകനായിരുന്ന ടി.ജെ.എസ് ജോർജിന്റെ ഇളയ സഹോദരനായ ടി.ജെ.മാത്യു മാദ്ധ്യമ സ്ഥാപനത്തിൽ ജോലിയിലിരിക്കെയാണ് സാലിയെ അമേരിക്കയിൽ വച്ച് കണ്ടുമുട്ടിയതും പ്രണയത്തിലായതും.ഇന്ത്യൻ ഭക്ഷണത്തോടുള്ള ഇഷ്ടമാണ് കൂടുതലും അടുപ്പിച്ചതെന്ന് ടി.ജെ.മാത്യു കേരളകൗമുദിയോട് പറഞ്ഞു. എട്ട് മക്കളും എട്ട് പേരക്കുട്ടികളും അഞ്ച് കൊച്ചുമക്കളുമടങ്ങുന്നതാണ് ഇവരുടെ കുടുംബം.
കോവളത്ത് എത്തിയതു മുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. നിർദ്ധനരായ കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ട്രസ്റ്റിനൊപ്പം അവർ മലമുകളിൽ ദി സീഡ് എന്ന സ്‌പെഷ്യൽ സ്‌കൂൾ സ്ഥാപിച്ചു. നഗരത്തിലെ മരിയൻ പ്ലേഹോമിലേക്കുള്ള ധനസമാഹരണത്തിനും നേതൃത്വം നൽകി. ഇതോടൊപ്പം തീരദേശ കുട്ടികൾക്കിടയിൽ ഫുട്‌ബാൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഇരുവരും ചേർന്ന് കോവളം എഫ്.സി എന്ന പേരിൽ ഫുട്‌ബാൾ ക്ലബ് ആരംഭിച്ചു.നിരവധി വിദേശ താരങ്ങളെ എത്തിച്ച് ക്ലബിലെ കളിക്കാർക്ക് പരിശീലനം നൽകി.ഇതോടെ ക്ലബ് അംഗങ്ങൾക്കിടയിൽ സാമ്പാർ സാലിയിൽ നിന്ന് അമ്മ എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങി.
ഇന്ത്യൻ, ഇറ്റാലിയൻ,മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിലെ ഭക്ഷണം തയ്യാറാക്കാൻ പ്രത്യേക വൈദഗ്ദ്ധ്യമുണ്ടായിരുന്ന സാലി വിദേശത്ത് നിരവധി കുട്ടികൾക്ക് പാചകക്കലയിൽ സമ്മർ ക്ലാസെടുത്തിരുന്നു. കോവളത്ത് താമസമാക്കിയതോടെ മികച്ച പാചകക്കാരിയായി. സാമ്പാറായിരുന്നു ഏറെ പ്രിയം.9 ഇനം സാമ്പാറുകളുണ്ടാക്കാൻ പഠിച്ചു. വിവിധ പത്രങ്ങളിൽ ലേഖനങ്ങളെഴുതി തന്റെ രുചിക്കൂട്ട് പുറം ലോകത്തെത്തിച്ചു. ഇതോടെയാണ് സാമ്പാർ സാലി എന്ന പേരുവീണത്. നിലവിൽ കോവളം എഫ്.സിയുടെ പ്രസിഡന്റാണ് ടി.ജെ.മാത്യു. തന്റെ മരണശേഷവും മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിനായി നൽകുമെന്ന് ടി.ജെ.മാത്യു പറഞ്ഞു.ഒരു മകൾ ഇവർക്കൊപ്പം നാട്ടിലുണ്ട്. അമേരിക്കയിൽ നിന്ന് ഒരു മകൻ ഇന്ന് നാട്ടിലെത്തും.മക്കൾ: ക്യാരൻ,ജോണി,ക്രിസ്,ലാറി,ജീന,ജനു,ടോം,യാഹു.ഇതിൽ ജീന ഇസ്രയേലിലാണ്. മറ്റ് മക്കൾ അമേരിക്കയിലും.