
വിഴിഞ്ഞം: വീടിനു മുന്നിൽ നിറുത്തിയിട്ടിരുന്ന സ്കൂട്ടർ അജ്ഞാതവാഹനം ഇടിച്ചു തെറിപ്പിച്ചതായി പരാതി. വാഹനം ചെന്നിടിച്ച് സമീപത്തെ കടയുടെ വാതിലും ഗ്ലാസും തകർന്നു. വെങ്ങാനൂർ ചാവടിനട രമണീയത്തിൽ രമ്യയുടെ ഉടമസ്ഥതയിലുള്ള ആക്ടിവ സ്കൂട്ടറാണ് ഇടിച്ചുതെറിപ്പിച്ചത്. ഇന്നലെ പുലർച്ചെ 4.40 ഓടെ വൻ ശബ്‍ദം കേട്ട് വീട്ടുകാർ എണീറ്റുനോക്കിയപ്പോഴാണ് വാഹനം തകർന്നുകിടക്കുന്ന കണ്ടത്. ഇടിച്ച വാഹനത്തിന്റേതെന്നു സംശയിക്കുന്ന ടയറിന്റെ വീൽ കപ്പും വാഹനത്തിന്റെ കുറച്ചു ഭാഗങ്ങളും സമീപത്തുണ്ട്. വാഹനം പൂർണമായും തകർന്നു. മനഃപൂർവം ആരോ ചെയ്തതാകാനാണ് സാദ്ധ്യതയെന്ന് രമ്യ പറഞ്ഞു. വിഴിഞ്ഞം പൊലീസിൽ പരാതി നൽകി. സമീപത്തെ സിസി.ടി.വി കേന്ദ്രീകരിച്ചു അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.