1

വിഴിഞ്ഞം: വെങ്ങാനൂർ പൗ‌ർണമിക്കാവ് ക്ഷേത്രത്തിലെത്തുന്നവരെ സ്വീകരിക്കുന്നത് നെറ്റിപ്പട്ടം കെട്ടിയ ലക്ഷണമൊത്ത ഗജവീരനാണ്. ആർക്കും ഭയമില്ലാതെ ആനയ്ക്കരികിൽ പോകാം, തുമ്പിക്കൈയിൽ പിടിക്കാം, തലോടാം....വേണേൽ ഒരു സെൽഫിയുമെടുക്കാം.കാരണം ആളൊരു യന്ത്ര ആനയാണ്.

ഇന്നലെ രാവിലെ നടയ്ക്കിരുത്തിയതാണ് ബാലദാസൻ എന്ന യന്ത്ര ആനയെ. പീപ്പിൾസ് ഫോർ ദി എത്തിക്കൽ ട്രീറ്റ്മെന്റ് ഒഫ് അനിമൽസും(പെറ്റ) നടി ആദ ശർമ്മയും ചേർന്നാണ് യന്ത്രആനയെ സമർപ്പിച്ചത്. തൃശ്ശൂരിൽ നിന്നാണ് യന്ത്ര ആന പൗ‌ർണമിക്കാവിലെത്തിയത്.

യന്ത്ര ഗജവീരന് 10.8 അടി ഉയരമുണ്ട്. 800 കിലോയോളം ഭാരവുമുണ്ട്. പുറം പൂർണമായും ഫൈബർ നി‌ർമ്മിതമായതിനാൽ മഴയും വെയിലുമൊന്നും ബാലദാസന്‌ പ്രശ്നമല്ല. ചക്രം ഘടിപ്പിച്ച പ്ലാറ്റ് ഫോമിലായതിനാൽ എവിടേക്കു വേണമെങ്കിലും മാറ്റാൻ കഴിയും. സാധാരണ ആനയെപ്പോലെ തലകുലുക്കും ചെവിയാട്ടും തുമ്പിക്കൈയുയർത്തി ആശീർവാദം നൽകും,കണ്ണടച്ച് തുറക്കും,വാലാട്ടും.

ചാലക്കുടി സ്വദേശി പ്രതാപാണ് ആനയുടെ ശില്പി.സിമന്റിൽ മോൾഡുണ്ടാക്കി അതിനു മുകളിൽ ഫൈബറും റബറും ഉപയോഗിച്ചാണ് നിർമ്മാണം.വൈദ്യുതിയിലാണ് പ്രവർത്തനം. 15 ദിവസം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയതെന്ന് ശില്പി പറഞ്ഞു. ഏകദേശം നാല് ലക്ഷത്തോളം രൂപയാണ് നിർമ്മാണച്ചെലവ്.

തിരുവനനന്തപുരത്ത് ആദ്യമായാണ് ഒരു ക്ഷേത്രത്തിൽ യന്ത്ര നിർമ്മിത ആനയെ സമർപ്പിക്കുന്നത്.