തിരുവനന്തപുരം: നീറ്റ് - നെറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജി.പി.ഒ മാർച്ചിൽ സംഘർഷം.

കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കുക,പരീക്ഷാത്തട്ടിപ്പിൽ സമഗ്ര അന്വേഷണം നടത്തുക,​കുറ്റകാർക്കെതിരെ നിയമ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ബാരിക്കേഡ് തള്ളിമറിക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് നാലുതവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ആർ.എസ്.രാഹുൽരാജ് മാർച്ച് ഉദ്ഘാടനം ചെയ്തു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കേസിലെ പ്രതി അമിത് ആനന്ദ് ബീഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്കൊപ്പം നിൽക്കുന്ന ചിത്രം ഗൗരവതരമായി കാണണമെന്നും നെറ്റ് ചോദ്യപേപ്പർ ചോർന്ന് പരീക്ഷ തന്നെ റദ്ദാക്കിയ സംഭവം കേന്ദ്രസർക്കാരും വിദ്യാഭ്യാസ മാഫിയയും തമ്മിലുള്ള ബന്ധത്തെ തുറന്നുകാട്ടുന്നതാണെന്നും ആർ.എസ്.രാഹുൽ അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡന്റ് അബ്ദുള്ളക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.എസ്.ആന്റസ് സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശരൺ ശശാങ്കൻ,ബി.അനീഷ്,മിൽഷ ലുമുംബ,ജില്ലാ ജോയിന്റ് സെക്രട്ടറി അഭിജിത്ത്,വൈസ് പ്രസിഡന്റുമാരായ കെ.എൻ.അഖിൽ,വി.ജി.വിനീത്,ജില്ലാ കമ്മിറ്റി അംഗങ്ങളായ ആരോമൽ ചൈതന്യ, അനന്തകൃഷ്ണൻ, ഷാരിക്ക് വൈദ്യൻ,രേവതി,മന്ദിർ എന്നിവർ പങ്കെടുത്തു.