sureshgopi

വർക്കല: സ്പിരിച്വൽ ടൂറിസവും അഡ്വഞ്ചർ ടൂറിസവും വർക്കലയിൽ അന്താരാഷ്ട്രതലത്തിലേക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. പാപനാശം, ഹെലിപ്പാട് പ്രദേശങ്ങളിലെ കുന്നിടിഞ്ഞ ഭാഗങ്ങൾ കണ്ടശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

വർക്കലയും അഷ്ടമുടിക്കായലും അഡ്വഞ്ചർ ടൂറിസത്തിന് വളരെയേറെ സാദ്ധ്യതകളുള്ള സ്ഥലങ്ങളാണ്. ഇവിടങ്ങളിൽ അഡ്വഞ്ചർ ടൂറിസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിച്ചാൽ സംസ്ഥാന ടൂറിസത്തിന് ഉത്തേജനമാകും. കേന്ദ്ര ടൂറിസം നെറ്റ്‌വർക്കിൽ പ്രാദേശികമായി മറ്റിടങ്ങളും ചേരുന്നതൊടെ അഡ്വഞ്ചർ ടൂറിസം കേരളത്തിന് സമ്മാനിക്കാൻ കഴിയും. ഭാവിയിൽ സ്റ്റേറ്റുകൾ തമ്മിലുള്ള മത്സരമായി മാറുന്നത്തോടെ കേരളത്തിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

ശനിയാഴ്ച രാവിലെ 6.45 ഓടെ വർക്കല പി. ഡബ്ലിയു.ഡി ഗസ്റ്റ് ഹൗസിൽ എത്തിയ മന്ത്രി ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ്, ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ കേരള ഘടകം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. വി.അമ്പിളി എന്നിവരുമായി ചർച്ച നടത്തി. കുന്ന് സംരക്ഷണവുമായി ബന്ധപ്പെട്ട് ഇരുവരോടും മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

തുടർന്ന് ഹെലിപ്പാട്, പാപനാശം ബലിമണ്ഡപം, സമീപത്തെ ടോയ്‌ലെറ്റ് ബ്ലോക്ക്‌, സൗത്ത് ക്ലിഫിലെ പാർക്കിംഗ് ഗ്രൗണ്ട് എന്നിവിടങ്ങൾ സന്ദർശിച്ചു. മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, ബി.ജെ.പി നേതാക്കളായ അഡ്വ.എസ്. സുരേഷ്, അഡ്വ. ആർ. അനിൽകുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അനുഗമിച്ചു.