vld-1

കൈകൾ കെട്ടിയ നിലയിൽ കാലുകൾ തറയിൽ തട്ടിയിരുന്നു

വെള്ളറട: വീട്ടിനുള്ളിൽ 13കാരനെ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളറട കോവില്ലൂർ അമ്പലത്തുവിളാകം എ.കെ. ഹൗസിൽ അരുളാനന്ദകുമാർ -ഷൈനി ദമ്പതികളുടെ ഏകമകൻ അബിലേഷ് കുമാറിനെയാണ് ഇന്നലെ രാവിലെ വീടിന്റെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ ഷോൾ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൈകൾ രണ്ടും മറ്റൊരുഷോൾ കൊണ്ട് കെട്ടിയ നിലയിലും കാലുകൾ തറയിൽ തട്ടിയ നിലയിലുമായിരുന്നു. സംഭവസമയം വീട്ടിൽ ആരുമില്ലായിരുന്നു. മാർക്കറ്റിൽ സാധനം വാങ്ങാൻ പോയ മുത്തച്ഛൻ സത്യദാസ് മടങ്ങിയെത്തിയപ്പോഴാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ നിലവിളികേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. അച്ഛൻ വീടിനു അകലെയുള്ള തോട്ടത്തിലും അമ്മ പള്ളിയിലും പോയിരുന്നു. സമീപത്തെ വീടുകൾ ചേർന്നിരിക്കുന്നതിനാൽ പുറത്തുനിന്നും ആർക്കും ഇവിടെ അതിക്രമിച്ച് കയറാൻ പറ്റില്ലെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ ആരോപിച്ചു. റൂറൽ അഡീഷണൽ എസ്.പി പ്രതാപൻനായർ,​ നെയ്യാറ്റിൻകര ഡിവൈ.എസ്.പി അമ്മിണിക്കുട്ടൻ,​ വെള്ളറട സി.ഐ ബാബുക്കുറുപ്പ്,​ വെള്ളറട എസ്.ഐ സജിത്ത്. ജി.നായർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. കൂടുതൽ അന്വേഷണത്തിന് വിരലടയാള വിദഗ്ദ്ധരും സയിന്റിഫിക് എക്സ്പോർട്ടുകളും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൊലീസ് നായ വീടിനു മുകളിൽ കയറി തിരിച്ചിറങ്ങി വന്നു. വൈകിട്ട് നാലോടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനയച്ചു. ഇതിനിടെ മുത്തച്ഛ​നും വല്യമ്മയും മാതാവ് ഷൈനിയും ബോധംകെട്ടുവീണു. മൂന്നുപേരെയും വെള്ളറട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. വാഴിച്ചൽ ഓക്‌സിലിയം സ്കൂളിലെ എട്ടാം ക്ലസ് വിദ്യാർത്ഥിയാണ് അബിലേഷ് കുമാർ. സ്കൂളിൽ പഠിക്കാനും മറ്റുകാര്യങ്ങളിലും മിടുക്കനായിരുന്നു അബിലേഷെന്ന് അദ്ധ്യാപകർ പറഞ്ഞു. പോസ്റ്റുമോ‌ർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വ്യക്തതവരൂവെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. വെള്ളറട പൊലീസ് കേസെടുത്തു.