
പൂവാർ: കാഞ്ഞിരംകുളത്തെ ഏറെ പഴക്കമേറിയതും പ്രധാന്യമേറിയതുമായ കാഞ്ഞിരംകുളം മാർക്കറ്റ് നവീകരണമില്ലാതെ നാശത്തിലേക്ക്. ദിനവും നൂറുകണക്കിന് ആളുകളാണ് ഇവിടെ സാധനങ്ങൾ വാങ്ങാനെത്തുന്നത്. മേൽക്കൂരയില്ലാത്ത മാർക്കറ്റിൽ ടാർപ്പോളിൻ വലിച്ചുകെട്ടിയാണ് വ്യാപാരികൾ കച്ചവടം ചെയ്യുന്നത്. പെരുമഴയും കൊടുംവെയിലും ഇവർ സഹിക്കണം. വർഷങ്ങൾക്കു മുമ്പ് നിത്യസഹായമാതാ ദേവാലയം ഒരേക്കർ വരുന്ന ഭൂമി കാഞ്ഞിരംകുളം ഗ്രാമ പഞ്ചായത്തിന് സൗജന്യമായി നൽകിയ സ്ഥലത്താണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്. ഇപ്പോഴത് 50 സെന്റായി ചുരുങ്ങിയെന്നാണ് വ്യാപാരികൾ പറയുന്നത്. നെയ്യാറ്റിൻകര, ബാലരാമപുരം, കോട്ടുകാൽ, കരുംകുളം, പൂവാർ, തിരുപുറം തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് നിരവധിപേരാണ് ഇവിടെയെത്തുന്നത്.
ഞെങ്ങിഞെരുങ്ങി
മാർക്കറ്റിനുള്ളിൽ മത്സ്യത്തിന്റെയും മാംസത്തിന്റെയും ദുർഗ്ഗന്ധം ശാസ്ത്രീയമായി പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. അഴുക്കുചാലുകൾക്ക് മൂടിയില്ലാതെ കൊതുകും ഈച്ചകളും പെരുകി. സുരക്ഷിതമായ മാലിന്യ സംസ്കരണവും പ്രായോഗികമാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാർ. വലിയ കെട്ടിടങ്ങൾക്ക് നടുവിൽ ഇടുങ്ങിയ സ്ഥലത്ത് ശുദ്ധവായുവോ ആവശ്യത്തിന് വെളിച്ചമോ ഇല്ലാതെ പൊക്കത്തിൽ വലിച്ചുകെട്ടിയ ടാർപ്പോളിനുകൾക്കു കീഴിലാണ് കച്ചവടം നടത്തുന്നത്. മാർക്കറ്റിൽ എത്തുന്നവർക്ക് നിന്നുതിരിയാൻ ഇടമില്ല.
മാർക്കറ്റ് പ്രവർത്തനം തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും 1990 ലാണ് ആദ്യമായി മാർക്കറ്റ് കോംപ്ലക്സ് സ്ഥാപിച്ചത്. 2001ൽ വനിതാ വിപണന കേന്ദ്രം തുടങ്ങിയെങ്കിലും പ്രാവർത്തികമായില്ല.
ആവശ്യങ്ങൾ ഏറെ
ഗേറ്റ് പിരിവിന് രസീത് നൽകണം
ഓരോ ഇനത്തിന്റെയും റേറ്റ് രേഖപ്പെടുത്തിയ ബോർഡ് സ്ഥാപിക്കണം
മാർക്കറ്റ് ദിവസവും വൃത്തിയാക്കണം. കുടിവെള്ളം ലഭ്യമാക്കണം.
പൊളിഞ്ഞുപോയ ടോയ്‌ലെറ്റ് പുനർനിർമ്മിക്കണം.
അഴുക്കുചാലുകൾക്ക് മൂടി ഇടണം.
മേൽക്കൂര നിർമ്മിക്കണം
വികസനം ലക്ഷ്യം
മാർക്കറ്റ് നവീകരണത്തിന് കിഫ്ബി ഫണ്ടായ 2 കോടി 47 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അധികൃതർ പറയുന്നു. ഈ തുക പൂർണമായും ഗ്രാന്റായി കിട്ടാൻ നടപടി വേണമെന്നാണ് പ്രദേശത്തെ പൊതുപ്രവർത്തകർ ആവശ്യപ്പെടുന്നത്. മാർക്കറ്റിനുള്ളിലെ നിലവിലെ കെട്ടിടങ്ങൾ നിലനിറുത്തിയുള്ള വികസനമാണ് തയാറാക്കുന്നത് എന്നാണ് ഗ്രാമപഞ്ചായത്ത് അധികൃതർ പറയുന്നത്.