തിരുവനന്തപുരം: വർക്കല ചെമ്മരുത്തി വണ്ടിപ്പുര ഷമ്മി നിവാസിൽ ഷിബു കുമാറിനെ കൊലപ്പെടുത്തിയ കേസിൽ സഹോദരങ്ങളടക്കം നാല് പ്രതികളെ കോടതി ജീവപര്യന്തം കഠിന തടവിനും 1,50,000 രൂപ വീതം പിഴയ്ക്കും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ പ്രതികൾ ഒരു വർഷം അധിക തടവ് അനുഭവിക്കണം. ആറാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് ശിക്ഷിച്ചത്.

ചെമ്മരുതി വണ്ടിപ്പുര ജനതാമുക്ക് പുത്തൻവിള കൊച്ചുവീട്ടിൽ ഷിജു എന്ന വലിയ തമ്പി, ഇയാളുടെ സഹോദരൻ ഷിജി എന്ന ചെറിയ തമ്പി, ഇവരുടെ സുഹൃത്തുക്കളായ പാളയംകുന്ന് കാട്ടുവിള വീട്ടിൽ ബിജു എന്ന അപ്പി മോൻ, ചെമ്മരുത്തി കുന്നുവിള ഷരീഫ മൻസിലിൽ മുനീർ എന്ന തക്കുടു എന്നിവരെയാണ് ശിക്ഷിച്ചത്. പ്രായപൂർത്തിയാവാത്ത 2പേരടക്കം 14 പ്രതികളാണ് ഉണ്ടായിരുന്നത്. വിചാരണയ്ക്ക് മുമ്പ് ഒരു പ്രതി മരിച്ചു. ഷിജുവിന്റെ മാതൃസഹോദരിയുടെ മകളെ ഷിബുകുമാർ പ്രണയിച്ച് വിവാഹം കഴിച്ചതാണ് പ്രതികളെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്.

2013 മാർച്ച് 27 ന് വണ്ടിപ്പുര മാടൻനടയിലെ ഉത്സവദിവസം സ്വന്തം വീടിന്റെ ടെറസിൽ കിടന്നുറങ്ങിയ ഷിബു കുമാറിനെയും സഹോദരൻ ഷമ്മിയെയുമാണ് പ്രതികൾ ആക്രമിച്ചത്. താഴേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ച ഷിബുകുമാറിനെ പിന്തുടർന്നാണ് പ്രതികൾ കൊലപ്പെടുത്തിയത്. പിഴത്തുകയുടെ മൂന്നിലൊന്ന് കൊല്ലപ്പെട്ട ഷിബുകുമാറിന്റെ മാതാവ് പത്മിനിക്കും ബാക്കി തുക ഷിബുകുമാറിന്റെ ഭാര്യ ശോഭനയ്ക്കും നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. വർക്കല സി.ഐ യും ഇപ്പോൾ ചേർത്തല അസി. കമ്മിഷണറുമായ എസ്. ഷാജിയാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഷാജി ഹാജരായി.