തിരുവനന്തപുരം : ആസ്ട്രൽ പ്രൊജക്ഷന്റെ പേരിൽ മാതാപിതാക്കളും സഹോദരിയുമടക്കം നാലുപേരെ വെട്ടി കൊലപ്പെടുത്തി വീട്ടിലിട്ട് കത്തിച്ച കേസിൽ പ്രതിയുടെ കമ്പ്യൂട്ടറിൽ നിന്ന് പൊലീസ് ശേഖരിച്ച രേഖകളുടെ പകർപ്പ് പ്രതിക്ക് നൽകാൻ കോടതി നിർദ്ദേശിച്ചു. ഫോറൻസിക് പരിശോധനക്ക് അയച്ച രേഖകൾ ഇതുവരെ മടക്കി നൽകിയിരുന്നില്ല. രേഖകൾ കിട്ടിയില്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് കോടതി നടപടി. ആറാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിച്ചത്.
കൊലപാതകം നടത്തുമ്പോൾ ആത്മാവ് ശരീരം വിട്ട് പോകുന്നത് കാണാൻ കഴിയുമെന്ന ആസ്ട്രൽ പ്രൊജക്ഷൻ തിയറിയാണ് പ്രതി പരീക്ഷിച്ചുനോക്കിയത്.
നന്തൻകോട് ക്ലിഫ് ഹൗസിനു സമീപം ബെയിൽസ് കോമ്പൗണ്ടിൽ ഡോ. രാജ തങ്കം, ഭാര്യ ഡോ. ജീൻ പത്മ, മകൾ ഡോ. കരോലിൻ, ജീൻ പത്മയുടെ ബന്ധു ലളിത എന്നിവരെയാണ് ഡോക്ടർ ദമ്പതികളുടെ മകനും എം.ബി.ബി.എസ് ബിരുദധാരിയുമായ കേഡൽ ജീൻസൺ രാജ കൊലപ്പെടുത്തിയത്. വിദേശത്ത് മെഡിസിൻ പഠനം നടത്തുന്നതിനിടെയാണ് ആസ്ട്രൽ പ്രൊജക്ഷനിലേക്ക് കേഡൽ ആകൃഷ്ടനായത്. കൊലപാതകത്തിന് മുൻപ് പ്രതി ഇവർക്ക് ഭക്ഷണത്തിൽ കീടനാശിനി കലർത്തി നൽകിയിരുന്നു. ഛർദ്ദിച്ച് തളർന്ന ഇവരെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം വീടിനുളളിലിട്ട് കത്തിക്കുകയായിരുന്നു. ഇതിനുള്ള മഴു ഓൺലൈനായാണ് പ്രതി വാങ്ങിയിരുന്നത്.
പിന്നീട് ചെന്നൈയിലേക്ക് ഒളിവിൽപ്പോയ കേഡൽ പത്രങ്ങളിൽ തന്റെ ചിത്രം വന്നതിനു പിന്നാലെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് മടങ്ങിവന്നപ്പോഴാണ് പൊലീസിന്റെ പിടിയിലായത്. മനോരോഗിയായ തന്നെ വെറുതേവിടണമെന്ന പ്രതിയുടെ ഹർജി കോടതി നേരത്തേ തള്ളിയിരുന്നു. വിചാരണ നേരിടാൻ പ്രതിക്ക് മാനസികാരോഗ്യമുണ്ടെന്ന മെഡിക്കൽ ബോർഡിന്റെ സാക്ഷ്യപ്പെടുത്തലിനെ തുടർന്നാണ് കേസ് വിചാരണയ്ക്കെടുത്തത്. ജൂലായ് അഞ്ചിന് വീണ്ടും പരിഗണിക്കും.