
പോത്തൻകോട് : പാരമ്പര്യത്തിനും പൈതൃകത്തിനും ചികിത്സയ്ക്കുമൊന്നും രാഷ്ട്രീയമില്ലാത്തതുപോലെ യോഗയിലും രാഷ്ട്രീയം കാണരുതെന്നും യോഗ നമ്മുടെ സംസ്കാരത്തെ പരിപോഷിപ്പിക്കുന്നതാണെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. ആശ്രമം റിസർച്ച് സോൺ ആഡിറ്റോറിയത്തിൽ നടന്ന യോഗദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി. ശരീരത്തെയും മനസ്സിനെയും പുനരുജ്ജീവിക്കുന്നതാണ് യോഗ. ദൈനംദിന ജീവിതത്തിൽ പ്രധാനപ്പെട്ട ഒന്നായിക്കണ്ട് സമയം കണ്ടെത്തി അനുവർത്തിച്ചാൽ ആരോഗ്യം വീണ്ടെടുക്കാനാകുമെന്നും സ്വാമി അഭിപ്രായപ്പെട്ടു. ഇൻഡിമസി ഹീലിംഗ് വില്ലേജ് മാനേജിംഗ് ഡയറക്ടർ ഗുരു യോഗിശിവൻ മുഖ്യാതിഥിയായി. ഇന്റർനാഷണൽ യോഗട്രെയിനർ എം. ആനന്ദവല്ലി, യോഗാചാര്യൻ കെ.കൃഷ്ണൻനായർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഡോ.ജെ. നിനപ്രിയ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദീപ അനിൽ, ബി.ജെ.പി ജില്ലാ ട്രഷറർ എം.ബാലമുരളി, മാണിക്കൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ. സഹീറത്ത് ബീവി, എം.പി. പ്രമോദ്, കെ.വിജയകുമാർ, ഷീജ.എൻ, ഡോ.ഡി.കൃഷ്ണപ്രിയ എന്നിവർ പങ്കെടുത്തു. അന്താരാഷ്ട്രയോഗ ദിനാചരണത്തിന്റെ ഭാഗമായി രാവിലെ 6.30 മണി മുതൽ കൂട്ടയോഗ നടന്നു. ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ വിവിധ യോഗമുറകൾ കോർത്തിണക്കി അവതരിപ്പിച്ച നൃത്ത-നൃത്യങ്ങളും യോഗാചരണത്തിന് മിഴിവേകി.