
അപ്രതീക്ഷത സമരം, സുരക്ഷയൊരുക്കാനാകാതെ പൊലീസ്
തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് എം.എസ്.എഫ് പ്രവർത്തകർ തിരുവനന്തപുരത്തെ വഴുതക്കാട്ടുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് പൂട്ടിയിട്ട് പ്രതിഷേധിച്ചു.
സംഭവസമയം പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് ഓഫീസിലില്ലായിരുന്നു. ഇന്നലെ രാവിലെ 11നാണ് സംഭവം. എം.എസ്.എഫിന്റെ നേതൃത്വത്തിൽ മലപ്പുറത്തെ ആർ.ഡി.ഡി ഓഫീസ് ഉപരോധം നടക്കുന്ന അതേ സമയത്താണ് തിരുവനന്തപുരത്തെ ഡയറക്ടറുടെ ഓഫീസിലേക്കും പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. ഓഫീസിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള ഡയറക്ടറുടെ നെയിംബോർഡ് ഉൾപ്പെടെ പ്രവർത്തകർ തകർത്തു.
മലബാറിലെ പ്ലസ് വൺ സീറ്റ് സംബന്ധിച്ച് പ്രതിസന്ധിയില്ലെന്ന് കണക്കുകൾ സഹിതം മന്ത്രി വി.ശിവൻകുട്ടി വിശദീകരിച്ചതിന് പിന്നാലെയായിരുന്നു പ്രതിഷേധം. അപ്രതീക്ഷിതമായ സമരമായതിനാൽ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നില്ല. മന്ത്രി അവതരിപ്പിച്ച കണക്കുകൾ വ്യാജമാണെന്നും ഇത് ഡയറക്ടറാണ് തയാറാക്കിയതെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. മന്ത്രി അടക്കമുള്ളവർക്കു നേരെ സമരം ശക്തമാക്കുമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, ജനറൽ സെക്രട്ടറി സി.കെ.നജാഫ് എന്നിവർ പറഞ്ഞു.
അതേസമയം പ്രതിഷേധക്കാരെ പൊലീസ് എത്തി അറസ്റ്റ് ചെയ്ത് നീക്കി. ഇതിൽ 12 പേരെ റിമാൻഡ് ചെയ്തു.
പ്രവർത്തകസമിതി അംഗങ്ങളായ ഹസൈനാർ നെല്ലിശ്ശേരി,അമീൻ റാഷിദ്, എ.വി.നബീൽ,ജലീൽ കാടാമ്പുഴ,റാഷിദ് കോക്കൂർ,റഹീസ് ആലുങ്ങൽ,തൻസീർ അഴീക്കോട്,ഗദ്ദാഫി,ഫർഹാൻ ബിയ്യം,മുനീർ എന്നിവർ പ്രതിഷേധത്തിനു നേതൃത്വം നൽകി.
ഫോട്ടോ: മലബാറിലെ പ്ളസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് എം.എസ്.എഫ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് ഉപരോധിച്ച സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസിനെ പൊലീസ് അറസ്റ്റ്ചെയ്ത് മാറ്റുന്നു.