barikked

കാട്ടാക്കട: കാട്ടാക്കട ടൗണിൽ കാൽനട യാത്രപോലും പറ്റാത്ത അവസ്ഥയിൽ റോഡുനീളെ സർക്കാർ സാമഗ്രികൾ നിരത്തിയതായി പരാതി. പൊലീസ് ബാരിക്കേഡ്, പൊലീസ് സ്റ്റേഷന് മുന്നിൽ

പിടിച്ചിട്ടിരിക്കുന്ന തൊണ്ടിവാഹനങ്ങൾ, കൂടാതെ കെ.എസ്.ഇ.ബിയുടെ കൂറ്റൻ വൈദ്യുത ലൈനിന്റെ റീൽ, ഇതിന് സമീപത്തായി ലക്ഷങ്ങൾ വിലമതിക്കുന്ന തേക്ക് പോസ്റ്റുകളുമാണ് പ്രധാനമായും യാത്രാ തടസം സൃഷ്ടിച്ചിട്ടിരിക്കുന്നത്. ഇത് കൂടാതെ കാലാവധി കഴിഞ്ഞ വിവിധ സംഘടനകളുടെ ഫ്ലക്സ് ബോർഡുകളും റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന ബി.എസ്.എൻ.എൽ ജംഗ്ഷൻ ബോക്സ്, ബി.എസ്.എൻ.എല്ലിന്റേയും കെ.എസ്.ഇ.ബിയുടെയും പോസ്റ്റുകളും തടസം സൃഷ്ടിക്കുന്നുണ്ട്.

വഴി മുടക്കി...

ബാങ്കുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ,​ സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രി എന്നിവയിലേക്കുള്ള തിരക്കേറിയ കാട്ടാക്കട നെയ്യാർ ഡാം റോഡിലാണ് ഈ കാഴ്ചകൾ. മാർക്കറ്റ് റോഡിലും നിരവധി പോസ്റ്റുകളും ജംഗ്ഷൻ ബോക്‌സും തടസ്സം സൃഷ്ടിക്കുന്നുണ്ട്. ടൗണിൽ സ്ഥാപനങ്ങളിൽ എത്തുന്ന ഉപഭോക്താക്കൾ റോഡരുകിൽ നിറുത്തുന്ന വാഹനങ്ങൾക്ക് ഉൾപ്പെടെ പിഴ ചുമത്തുമ്പോൾ പൊലീസിന്റെ ബാരിക്കേഡുകളും ഈ റോഡിൽ നിരത്തിയിട്ടുണ്ട്.

അപകട സാദ്ധ്യത ഏറെ

മാർക്കറ്റ് റോഡിൽ നിന്നും വരുന്ന വാഹനങ്ങളോ, തിരുവനന്തപുരം ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങളോ ഈ ഭാഗത്ത് കൂടി പോയാൽ കാൽനട യാത്രക്കാർക്ക് മാറി നിൽക്കാനോ നടക്കാനോ പറ്റില്ല. ബസ് ഉൾപ്പെടെ വലിയ വാഹനങ്ങൾ കടന്നുപോയാൽ ചെറു വാഹനങ്ങളും ഇവിടെ അപകടത്തിൽപ്പെടും. പൊലീസ് സ്റ്റേഷന്റെ മുന്നിൽ ഇരുവശത്തായി പിടിച്ചിട്ടിരിക്കുന്ന കേസിൽപ്പെട്ട വാഹനങ്ങളും വഴി തടസം സൃഷ്ടിക്കുകയും ഇവിടെ അപകടസാദ്ധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

പാർക്കിംഗ് വയ്യ

കെ.എസ്.ഇ.ബി ഒഫീസിന്റെ മുന്നിൽ കൂറ്റൻ വൈദ്യുതി ലൈനിന്റെ റീൽ റോഡിലേക്ക് ഇറക്കിയിട്ടിരിക്കുകയാണ്. ഇതിന് ചുറ്റും കയർ വലിച്ചു കെട്ടിയ നിലയിലുമാണ്. മറു വശത്ത് പലയിടങ്ങളിൽ നിന്നും ഇളക്കിമാറ്റിയ പഴയ തേക്ക് പോസ്റ്റുകളും കൂട്ടിയിട്ടിട്ടുണ്ട്. ഈ ഭാഗത്ത് നിന്നും ഇവ മാറ്റിയാൽ കെ.എസ്.ഇ.ബി ഓഫീസിൽ എത്തുന്നവരുടെ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള ഇടമാകും.