തിരുവനന്തപുരം: പേര് ദേശീയപാതയെന്നാണ്, പക്ഷേ മഴപെയ്താൽ ആറെന്നും വിളിക്കാം. കോവളം-കഴക്കൂട്ടം ബൈപ്പാസിൽ മുട്ടത്തറയിലെ അവസ്ഥയാണിത്. അഞ്ച്മിന്നിട്ട് മഴപെയ്താൽ മതി ഇവിടം വെള്ളം നിറയാൻ. ഇതോടെ സർവീസ് റോഡും പ്രധാന റോഡും തമ്മിൽ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാകും. ചെറുമഴ പെയ്താൽ പിന്നെ ഈ ഭാഗത്തെ സർവീസ് റോഡ് മുങ്ങും. പെരുമഴ പെയ്താൽ പ്രധാനറോഡും. പിന്നെ മണിക്കൂറുകളോളം സർവീസ് റോഡിലൂടെയുള്ള യാത്ര പൂർണമായും ബൈപ്പാസിൽ ഭാഗികമായും തടസപ്പെടും. പിന്നെ പമ്പ് ഉപയോഗിച്ച് വെള്ളക്കെട്ട് നീക്കിയാലേ വാഹനങ്ങൾക്ക് പോകാൻ പറ്റൂ. കോവളം കഴക്കൂട്ടം ബൈപ്പാസിന്റെ വീതി വർദ്ധിപ്പിക്കാൻ തുടങ്ങിയതോടെയാണ് ഈ പ്രദേശത്ത് വെള്ളക്കെട്ടും തുടങ്ങിയത്.
അപകടവും
കഴിഞ്ഞ ദിവസങ്ങളിൽ സർവീസ് റോഡിലേക്ക് വന്നവരെല്ലാം ആകെ പെട്ട അവസ്ഥയായിരുന്നു. ഇരുചക്ര യാത്രക്കാർ പലതും വെള്ളത്തിൽവീണു. ചിലർ മുന്നോട്ടുപോകാൻ വയ്യാതെ തിരിച്ചുപോയി. ഇന്നലെ രാവിലെ 11വരെയും ഒരുവശത്ത് വെള്ളക്കെട്ടുണ്ടായിരുന്നു. വേഗത്തിൽ വന്ന വാഹനങ്ങൾ വെള്ളമുള്ള ഭാഗം ഒഴിവാക്കാനായി പെട്ടെന്ന് ബ്രേക്കിടുകയും വലത്തോട്ട് കയറി ഓടിക്കുകയും ചെയ്‌തു. ഭാഗ്യം കൊണ്ടാണ് പലപ്പോഴും അപകടങ്ങൾ ഒഴിവായത്. പിന്നീട് വെള്ളവും ഓടയിലെ മാലിന്യവും നീക്കി യാത്ര പുനഃസ്ഥാപിച്ചു.
വഴിമുട്ടി ഭക്തർ
സമീപത്തെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തുന്ന ഭക്തരും ഈ വെള്ളക്കെട്ട് കാരണം പൊറുതിമുട്ടിയ അവസ്ഥയിലാണ്. ക്ഷേത്രത്തിന്റെ മുൻവശത്താണ് വെള്ളക്കെട്ടുണ്ടാകുന്നത്. ഓടയിൽ നിന്നുള്ള മാലിന്യങ്ങൾ ഒഴുകി ക്ഷേത്രത്തിനു മുന്നിലെത്തുന്നതും സ്ഥിരമാണ്. ബൈപ്പാസിന്റെ പ്രധാന റോഡ് കടന്നുപോകുന്നത് ഏതാണ്ട് ഒരേ ഉയരത്തിലാണ്. എന്നാൽ സർവീസ് റോഡ് താഴ്ന്ന പ്രദേശത്തു കൂടി താഴ്ന്നും ഉയർന്ന പ്രദേശങ്ങളിൽ കുന്നുകയറി പോകുന്ന രീതിയിലുമാണ് നിർമ്മിച്ചിരിക്കുന്നത്. സമീപ പ്രദേശങ്ങളുമായി റോഡിന് നേരിട്ട് ബന്ധമുണ്ടാക്കുന്നതിനാണ് ഇങ്ങനെ നിർമ്മിച്ചതെന്നാണ് നിർമ്മാണക്കമ്പനിയുടെ വാദം.
പ്രശ്നങ്ങൾ രണ്ട്
1. താഴ്ന്ന പ്രദേശത്ത് റോഡ് നിർമ്മിക്കുമ്പോൾ കുറച്ച് ഉയർത്തി നിർമ്മിക്കുക എന്നത് ഏറെ നാളായി പിന്തുടരുന്ന രീതിയാണ്. അതു ചെയ്യാത്തതാണ് വെള്ളക്കെട്ട് ഉണ്ടാകുന്നതിന്റെ പ്രധാന കാരണം.
2. ഓട നിർമ്മിച്ചതിലെ അശാസ്ത്രീയതയാണ് മറ്റൊരു കാരണം. ഓട നിർമ്മിച്ചിരിക്കുന്നതും സർവീസ് റോഡിലാണ്. അത് നിറഞ്ഞു കവിയുമ്പോൾ റോഡ് മുങ്ങുന്നു.
പരിഹാരം ഒന്ന്
1. വെള്ളം പെട്ടെന്ന് ഒഴുകിപ്പോകുന്നതിനായി സംവിധാനമൊരുക്കുക