reeth

മുടപുരം: യാത്രക്കാരുടെ ജീവന് ഭീഷണിയായി അപകട നിലയിൽ സ്ഥിതി ചെയ്യുന്ന കൈലാത്തുകോണം കലുങ്ക് പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കൈലാത്തകോണം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലുങ്കിന് റീത്ത് വച്ച് പ്രതിഷേധിച്ചു. അഡ്വ.അനിൽ കുമാർ സമരം ഉദ്‌ഘാടനം ചെയ്തു. പ്രഭ രാജേന്ദ്രൻ, വി.ജോതിഷ് കുമാർ, ശ്രീഹർഷ ദേവ് തുടങ്ങിയവർ നേതൃത്വം നൽകി.
കുറക്കട -ശാസ്തവട്ടം റോഡിൽ കൈലാത്തുകോണം റേഷൻ കടയ്ക്കു സമീപം തോടിന് കുറുകെയുള്ള അപകടക്കെണിയായി മാറിയ കലുങ്ക് പുതുക്കി പണിയണമെന്ന് നാട്ടുകാർ ഏറെ കാലമായി ആവശ്യപ്പെടുന്നതാണ്.

അറുപത് കൊല്ലത്തോളം പഴക്കമുള്ള കലുങ്കിന്റെ ഒരു വശത്തെ കൈവരി പൂർണമായും തകർന്ന് തോട്ടിൽ പതിച്ചു. രണ്ടാമത്തേത് പകുതി ഭാഗം പൊളിഞ്ഞു വീണു. ബാക്കിയുള്ള ഭാഗവും ഉടനെ തോട്ടിൽ വീഴുമെന്ന അവസ്ഥയിലാണ്. നേരത്തെ ഈ റോഡിലൂടെ കെ.എസ്.ആർ.ടി.സി ബസ് സർവീസ് നടത്തിയിരുന്നു. പിന്നീട് സർവീസ് നിറുത്തുകയായിരുന്നു. കോളേജ് - സ്കൂൾ ബസുകളുൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ എല്ലാ സമയവും ഈ റോഡിലൂടെ കടന്നുപോവാറുണ്ട്. കുറക്കട കാണിയ്ക്ക ജംഗ്ഷനിൽ നിന്നും വരുന്ന റോഡും ഈ ഭാഗത്താണ് സന്ധിക്കുന്നത്. കാൽനട, വാഹന യാത്രികരുൾപ്പെടെയുള്ളവർക്ക് ഭീഷണിയായി മാറിയിട്ടുള്ളതിനാൽ അടിയന്തിരമായി കലുങ്ക് പുതുക്കിപ്പണിയണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.