
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.യു പ്രവർത്തകർ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ വാഹനം തടഞ്ഞതും വാഹനത്തിൽ കരിങ്കൊടി കെട്ടിയതും സംഘർഷാവസ്ഥ സൃഷ്ടിച്ചു. മന്ത്രിയുടെ ഔദ്യോഗിക വസതിയായ വഴുതക്കാട്ടെ റോസ് ഹൗസിനു മുന്നിൽ ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു പ്രതിഷേധം. രാജ്ഭവനിലെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പോവുകയായിരുന്ന മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടി വാഹനം തടഞ്ഞ കെ.എസ്.യുക്കാർ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കി. ഇതിനിടയിലാണ് പ്രതിഷേധക്കാരിലൊരാൾ മന്ത്രിയുടെ കാറിൽ കരിങ്കൊടി കെട്ടിയത്. പ്ളസ് വൺ സീറ്റ് മൂന്നാംഘട്ട അലോട്ട്മെന്റ് വന്നിട്ടും അധിക ബാച്ചുകൾ അനുവദിച്ച് പ്രതിസന്ധി പരിഹരിക്കാത്ത സർക്കാർ നടപടിക്കെതിരെ
കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.പൊലീസുകാർ കുറവായതിനാൽ പ്രതിഷേധക്കാരെ വേഗത്തിൽ തടയാനായില്ല. തുടർന്ന് പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമായി. ഔദ്യോഗിക വസതിയിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കൂടി എത്തി പ്രതിഷേധക്കാരെ നീക്കിയാണ് മന്ത്രിക്ക് വഴിയൊരുക്കിയത് . അഞ്ചുമിനിട്ടിലേറെ സമയം പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കികൊണ്ട് വാഹനത്തിന് ചുറ്റും നിന്നു. വാഹനത്തിലെ കരിങ്കൊടി പൊലീസ് അഴിച്ചു മാറ്റി.
എല്ലാവർക്കും പ്രതിഷേധിക്കാൻ അവസരമുണ്ടെന്നായിരുന്നു മന്ത്രി വി.ശിവൻകുട്ടിയുടെ പ്രതികരണം. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ, സംസ്ഥാന ഭാരവാഹികളായ ആദേഷ് സുധർമ്മൻ, കൃഷ്ണകാന്ത് ജില്ലാ ഭാരവാഹികളായ അൽ ആസ്വാദ്, സുനീജോ, അഭിജിത്ത് നെടുമങ്ങാട്, നിഹാൽ പിഎംകെ, സാജൻ മണിയൻ എന്നിവർ നേതൃത്വം നൽകി.
പ്ലസ് വൺ ക്ലാസുകൾ ഇന്നാരംഭിക്കും
ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസ്സുകൾ ഇന്നാരംഭിക്കും. മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ രാവിലെ ഒൻപതിന് കോട്ടൺഹിൽ സ്കൂളിൽ വിദ്യാർത്ഥികളെസ്വീകരിക്കും. സംസ്ഥാനത്തെ 2076 സർക്കാർ/എയിഡഡ്/ അൺ എയിഡഡ് ഹയർസെക്കന്ററി സ്കൂളുകളിലായി ഏകദേശം മൂന്നേകാൽ ലക്ഷം വിദ്യാർത്ഥികൾ സ്ഥിര പ്രവേശനം നേടി. ഇനിയും അഡ്മിഷൻ ലഭിക്കാനുള്ളവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിൽ അവസരമുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.