ശ്രീകാര്യം: കല്ലമ്പള്ളിയിൽ വീടുകൾക്കുനേരെ രണ്ടംഗ സംഘത്തിന്റെ ആക്രമണം. കല്ലമ്പള്ളി സ്വദേശികളായ അരുൺ, രാജീവ്, അനിൽകുമാർ എന്നിവരുടെ വീടുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. പോങ്ങുംമൂട് സ്വദേശികളായ മധു എന്ന കുട്ടൻ, മഹേഷ് എന്നിവരാണ് മാരകായുധങ്ങളുമായി ഭീഷണി മുഴക്കി ആക്രമണം നടത്തിയത്. ഇന്നലെ പുലർച്ചെ 2.30ഓടെയായിരുന്നു സംഭവം. ഇരുവരും നിരവധി കേസുകളിൽ പ്രതികളാണെന്നാണ് വിവരം. വീടുകൾക്ക് നേരെ ആക്രോശിച്ച് എത്തിയ ഇവർ മുൻവാതിലുകളിൽ വാൾ കൊണ്ട് വെട്ടുകയും ഭീഷണി മുഴക്കുകയുമായിരുന്നു. വീട്ടുകാരുടെ പരാതിയിൽ ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമത്തിന്റെ കാരണം അറിയില്ലെന്ന് വീട്ടുകാർ പറഞ്ഞു.