തിരുവനന്തപുരം: കലാ സ്നേഹികളുടെ കൂട്ടായ്‌മയായ സംഗീതിക ഏർപ്പെടുത്തിയ സംഗീതിക പുരസ്‌കാരം കർണാടക സംഗീതജ്ഞ ഡോ.കെ.ഓമനക്കുട്ടിക്കും കവിയും ഗാനരചയിതാവുമായ കെ.ജയകുമാറിനും കവിയും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പി നൽകി.

ദക്ഷിണേന്ത്യയിൽ ജീവിച്ചിരിക്കുന്ന പ്രഗത്ഭയായ സംഗീതജ്ഞയാണ് കെ.ഓമനക്കുട്ടിയെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. 10,​001 രൂപയും ഓണവില്ലുമടങ്ങുന്നതാണ് പുരസ്‌കാരം. പുതുതലമുറയിൽപ്പെട്ട ഗാനരചയിതാക്കൾ അർത്ഥ സമ്പൂർണമായ പാട്ടുകൾ രചിക്കണമെന്ന് കെ.ഓമനക്കുട്ടി പറഞ്ഞു. ഐ.എ.എസ് എന്ന ഉദ്യോഗത്തിന്റെ പേരിൽ അറിയപ്പെടുന്നതിനുപരി ഗാനരചയിതാവായി ജനങ്ങൾക്കിടയിൽ ജീവിക്കാനാണ് തനിക്ക് താത്പര്യമെന്ന് കെ.ജയകുമാർ പറഞ്ഞു.

ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ വൈക്കം വേണുഗോപാൽ അദ്ധ്യക്ഷനായി. മണക്കാട് ഗോപാലകൃഷ്ണൻ,​ബി.അരുന്ധതി,​എം.പി.സതീഷ് കുമാർ എന്നിവർ പങ്കെടുത്തു.