തിരുവനന്തപുരം:സാമൂഹിക ഉത്തരവാദിത്വം മുൻനിർത്തിയുള്ള മാദ്ധ്യമപ്രവർത്തനമാണ് പുതിയ കാലത്തിന്റെ ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കേരള പത്ര പ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടെയും കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ ജില്ലയിലെ മാദ്ധ്യമപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാങ്കേതിക വിദ്യയുടെ വികാസം മറ്റു പല മേഖലയിലുമെന്ന പോലെ മാദ്ധ്യമ രംഗത്തും മാറ്റങ്ങൾക്കിടയാക്കിയിട്ടുണ്ട്. ഇതു നാടിന്റെ വളർച്ചയ്ക്കായി ഉപയോഗപ്പെടുത്തണം. മെച്ചപ്പെട്ട സമൂഹത്തിന്റെ നിർമ്മിതിക്കായി മാദ്ധ്യമങ്ങൾ വഹിക്കുന്ന പങ്കു വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാങ്കേതിക വിദ്യയുടെ വളർച്ച വാർത്താവിനിമയ മേഖലയിൽ 'ടെക്‌നോളജിക്കൽ ഫ്യൂഡലിസ'ത്തിന് ഇട വരുത്തിയിട്ടുണ്ടെന്നു ചടങ്ങിൽ മുഖ്യാതിഥിയായ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. പത്രപ്രവ‌‌ർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ അദ്ധ്യക്ഷനായിരുന്നു. മന്ത്രിമാരായ വി.ശിവൻകുട്ടി, ആർ.അനിൽ, എം.വിൻസന്റ് എം.എൽ.എ, പി.ആർ.ഡി ഡയറക്ടർ ടി.വി.സുഭാഷ്, സി.ശിവൻകുട്ടി,നടൻ ബാബു ആന്റണി, സംവിധായകൻ ടി.എസ്.സുരേഷ് ബാബു ,ചെങ്കൽ രാജശേഖരൻ, യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.കിരൺ ബാബു, ജില്ലാ സെക്രട്ടറി അനുപമ.ജി.നായർ തുടങ്ങിയവർ പങ്കെടുത്തു.