
ആലപ്പുഴ: ഓൺലൈൻ തട്ടിപ്പിലുടെ യുവതിയുടെ 12 ലക്ഷം രൂപ കവർന്ന നാലു പേർ ആലപ്പുഴ നോർത്ത് പൊലീസിന്റെ പിടിയിലായി. ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശികളായ അറവുങ്കര പുക്കോട്ടുർ മേനാട് കുഴിയൻ ഉമ്മർ അലി (34), പനമ്പള്ളി മീത്തൽ ഷെമീർ അലി (34), വെളുത്താടി വീട്ടിൽ അക്ബർ (32), മാതയം പുറത്ത് ഇരുവേലി മുഹമ്മദ് റിൻഷാദ് എന്നിവരാണ് അറസ്റ്റിലായത്. പരാതിക്കാരിയുടെ പണം നഷ്ടപ്പെട്ട അക്കൗണ്ടിന്റെ വിവരങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ നോർത്ത് എസ്.എച്ച്.ഒ സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളായി പൊലീസ് മലപ്പുറം ജില്ലയിൽ നിന്ന് പ്രതികളെ സാഹസികമായി പിടികുടുകയായിരുന്നു. കുടുതൽ പേർ ഇനിയും അറസ്റ്റിലാകാനുണ്ടെന്ന് സി.ഐ പറഞ്ഞു. എസ്.ഐ സെബാസ്റ്റ്യൻ.പി.ചാക്കോ, എ.എസ്.ഐ സുമേഷ്, സീനിയർ സി.പി.ഒ ഷൈൻ, ഡെബിൻ ഷാ റോബിൻസൺ, ഗിരീഷ്, സി.പി.ഒ സുജിത്ത്, ലവൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് . കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.