മൂവാറ്റുപുഴ :മോഷണക്കുറ്റമാരോപിച്ച് കസ്റ്റഡിയിലെടുത്ത ഭിന്നശേഷിക്കാരനായ യുവാവിനെ പൊലീസ് ക്രൂരമായി മ‍ർദ്ദിച്ചെന്ന് പരാതി. മൂവാറ്റുപുഴ കദളിക്കാട് സ്വദേശി അഭിഷേകിനെ മർദ്ദിച്ചെന്ന പരാതിയുമായാണ് ബന്ധുക്കൾ തൊടുപുഴ ഡി.വൈ.എസ്. പിയെ സമീപിച്ചത്. എന്നാൽ യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നെന്നും മർദ്ദനം നടന്നിട്ടി​ല്ലെന്നുമാണ് തൊടുപുഴ ഡി.വൈ.എസ് .പിയുടെ വിശദീകരണം .

മുഖത്തും ശരീരത്തിലും മർദ്ദനമേറ്റ നി​ലയി​ൽ അഭിഷേക് മൂവാറ്റുപുഴയിലെ ആശുപത്രിയിൽ ചികിത്സ തേടി. മൂവാറ്റുപുഴ കദളിക്കാട് സ്വദേശിയായ അഭിഷേക് വീഡിയോ ക്യാമറാമാനാണ്. മാസങ്ങൾക്ക് മുമ്പ് തൊടുപുഴ കോലാനിയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇയാൾ, അവിടുത്തെ ജീവനക്കാരുടെ കൈവശമുണ്ടായിരുന്ന ക്യാമറയും ഐഫോണും മോഷ്ടിച്ചെന്നാരോപിച്ചയായിരുന്നു അഭിഷേകിനെ കസ്റ്റിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച് പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് അഭിഷേക് പറയുന്നു. മാസങ്ങൾക്ക് മുമ്പേ, കോലാനിയിലെ സ്ഥാപനം വിട്ട താൻ സംഭവസമയത്ത് തൊടുപുഴയിലില്ലായിരുന്നു. എന്നാൽ ഇവ ചെവിക്കൊളളാതെയായിരുന്നു എസ് .ഐ ഉൾപ്പെടെ ചേർന്ന് മർദ്ദിച്ചതെന്നും അഭിഷേക് പറഞ്ഞു.എന്നാൽ അഭിഷേകിനെ പോലെയുളളരാൾ എന്ന പരാതിയുളളതിനാൽ യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്നും ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നെന്നും തൊടുപുഴ പൊലീസ് പറഞ്ഞു. മർദ്ദനം നടന്നിട്ടില്ലെന്നും യുവാവിന്റെ മെഡി. പരിശോധനയുൾപ്പെടെ നടത്തിയതാണെന്നും പൊലീസ് അറിയിച്ചു.