
തിരുവനന്തപുരം: ആന്റിനർക്കോട്ടിക് ആക്ഷൻ കൗൺസിൽ ഒഫ് ഇന്ത്യ(എ.എൻ.എ.സി.ഐ) ഏർപ്പെടുത്തിയ ആന്റിനർക്കോട്ടിക് അവാർഡുകൾ പ്രഖ്യാപിച്ചു. മാനവസേവ പുരസ്കാരത്തിന് തിരു.ഗവ.മെഡിക്കൽ കോളേജ് സർജറി വിഭാഗം മേധാവി പ്രൊഫ.ഡോ.അബ്ദുൽ ലത്തീഫും ജീവൻരക്ഷാ പുരസ്കാരത്തിന് തിരു. ഗവ.മെഡിക്കൽ കോളേജ് നെഫ്രോളജി വിഭാഗം മേധാവി പ്രൊഫ.ഡോ.ഗോമതിയും സേവനരത്ന പുരസ്കാരത്തിന് പ്രൊഫ.ഡോ.കെ.പി.മാത്യുവും അർഹരായി.
കർമ്മശ്രേഷ്ഠ പുരസ്കാരം പരമ്പരാഗത നാട്ടുചികിത്സാ വൈദ്യൻ ആചാര്യ ജോസ് പാറശ്ശേരിക്കു നൽകും. പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് കുടുംബജ്യോതി പുരസ്കാരത്തിനും വിമുക്തി എക്‌സൈസ് വകുപ്പ് ആന്റിനർകോട്ടിക് പുരസ്കാരത്തിനും അർഹമായി.
ജസ്റ്റിസ് എ.ലക്ഷ്മിക്കുട്ടി അമ്മ അദ്ധ്യക്ഷയായ മൂന്നംഗ ജൂറിയാണ് ജേതാക്കളെ നിർണയിച്ചത്.25,000 രൂപയും നെടുങ്കാട് പത്മകുമാർ രൂപകൽപ്പന ചെയ്ത വെങ്കല ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. വൈ.എം.സി.എ ഹാളിൽ 26ന് വൈകിട്ട് 3ന് നടക്കുന്ന ലോക മയക്കുമരുന്ന് വിരുദ്ധ ദിനാചരണ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ വി.ശിവൻകുട്ടിയും രാമചന്ദ്രൻ കടന്നപ്പള്ളിയും ചേർന്ന് പുരസ്കാരങ്ങൾ നൽകും. എ.എൻ.എ.സി.ഐ ചെയർമാൻ പ്രൊഫ.ഡോ.ഷാജി പ്രഭാകരൻ അദ്ധ്യക്ഷത വഹിക്കും.പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി,അഡ്വ.വി.ജോയ് എം.എൽ.എ,മേയർ എസ്.ആര്യാ രാജേന്ദ്രൻ,പ്രൊഫ.ഡോ.അരുൺ ബി.നായർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് എ.എൻ.എ.സി.ഐ ഡയറക്ടർ കള്ളിക്കാട് ബാബു അറിയിച്ചു.അഡ്വ.ജി.രാജീവ്,അഡ്വ.സാജു വെങ്ങാനൂർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.