
ആന്റണി വർഗീസിനെ നായകനാക്കി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രത്തിന് ദാവീദ് എന്ന് പേരിട്ടു. ലിജോ മോൾ ജോസ് ആണ് നായിക. മാർഷ്വൽ ആർട്ട്സിസിന് പ്രാധാന്യം നൽകി ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ പൂജ വിപുലമായി നടന്നു.
വിജയരാഘവൻ, സൈജു കുറുപ്പ്, കിച്ചു ടെല്ലസ്, ജെസ് കുക്കു, മുഹമ്മദ് കർക്കി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
പരസ്യ ചിത്ര സംവിധായകനായ ഗോവിന്ദ് വിഷ്ണുവിന്റെ ആദ്യ സംവിധാന സംരംഭമാണ് ദാവീദ് . ഗോവിന്ദും ദീപു രാജീവനും ചേർന്നാണ് രചന. ജോൺ ആന്റ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്, സെഞ്ച്വറി ഫിലിംസ് ,പനോരമ സ്റ്റുഡിയോസ് എന്നീ ബാനറിൽ ആണ് നിർമ്മാണം. സാലു കെ. തോമസ് ഛായാഗ്രഹണം നിർവഹിക്കുന്നു.
ജസ്റ്റിൻ വർഗീസ് ആണ് സംഗീത സംവിധാനം. പി.സി സ്റ്റണ്ട് ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്നു. അതേസമയം ആന്റണി വർഗീസ് നായകനായി അജിത്ത് മാമ്പള്ളി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രം ഒാണം റിലീസായി എത്താൻ ഒരുങ്ങുന്നു. കടൽ സംഘർഷത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന ചിത്രവും ആക്ഷൻ ഗണത്തിൽപ്പെടുന്നു. കെ.ജി എഫ് ചാപ്ടർ 1, കാന്താര എന്നീ ചിത്രങ്ങളുടെ സംഘട്ടനം ഒരുക്കിയ വിക്രം മോറാണ് ആക്ഷൻ കൊറിയോഗ്രഫി. പുതുമുഖം പ്രതിഭയാണ് നായിക. രാജ് ബി. ഷെട്ടി, ഷബീർ കല്ലറക്കൽ എന്നിവർ പ്രതിനായകന്മാരാകുന്ന ചിത്രത്തിൽ ഗൗതമി നായർ പ്രധാന വേഷത്തിൽ എത്തുന്നു.ശരത് സഭ, നന്ദു , സിറാജ്, ജയകുറുപ്പ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം ദീപക് ഡി. മേനോൻ. വീക്കെൻഡ് ബ്ളോക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മാണം.