തിരുവനന്തപുരം: പ്ളസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് കെ.എസ്.യു നടത്തിയ നിയമസഭ മാർച്ചിൽ സംഘർഷം. പൊലീസ് മൂന്നുപ്രാവശ്യം ജലപീരങ്കി പ്രയോഗിച്ചു. പ്ലസ് വൺ സീറ്റുകളുടെ കാര്യത്തിൽ മലബാർ മേഖലയോടുള്ള അവഗണനയ്ക്കും സമരം ചെയ്ത ജില്ലാ അദ്ധ്യക്ഷനെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് നടത്തിയ മാർച്ചാണ് അക്രമാസക്തമായത്.

പാളയത്തു നിന്ന് ഉച്ചയ്ക്ക് ഒന്നിന് ആരംഭിച്ച മാർച്ച് നിയമസഭ കവാടത്തിന് മുന്നിലെത്തും മുൻപ് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. വനിത പ്രവർത്തകർ ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമായി. തുടർന്ന് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. കൈകോർത്ത് നിന്ന് പ്രവർത്തകർ പ്രതിരോധം തീർത്തു. പ്രവർത്തകർ കൊടികെട്ടിയ വടികൾ പൊലീസിനുനേരെ വലിച്ചെറിഞ്ഞു. ഏതാനും പ്രവർത്തകർ ബാരിക്കേഡിന് മുകളിലേക്ക് വലിഞ്ഞുകയറി. ബാരിക്കേഡിലെ കമ്പികൊണ്ട് ചിലർക്ക് പരിക്കേറ്റു. പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. തുടർന്ന് നേതാക്കൾ പ്രവർത്തകരെ അഭിസംബോധന ചെയ്തു. പിന്നാലെ പ്രവർത്തകർ പിരിഞ്ഞു പോയി.

കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പ്രതുൽ.എസ്.പി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ അച്ചു സത്യദാസ്, ജെസ്വിൻ റോയ്, ജില്ലാ ഭാരവാഹികളായ അൽ ആസ്വാദ്, വൈഷ്ണ.എസ്, അഭിജിത്ത്.എം.എസ്, സഹിൽ ആലംകോട്, നിതീഷ് ബാലു എന്നിവർ നേതൃത്വം നൽകി.