വിഴിഞ്ഞം: സീസൺ പ്രതീക്ഷയ്ക്ക് മങ്ങലേല്പിച്ച് വിഴിഞ്ഞത്ത് മത്സ്യക്ഷാമം. സാധാരണ ട്രോളിംഗ് നിരോധന സമയത്ത് തീരത്ത് ചാകരക്കാലമാണ്. എന്നാൽ ഇക്കുറി കാലാവസ്ഥ വില്ലനായി. മത്സ്യത്തൊഴിലാളികൾക്ക് മീൻ കിട്ടുന്നില്ല. പൊള്ളൽ ചൂര (ചെറിയ ചൂര) മാത്രമാണ് നിലവിൽ ലഭിക്കുന്നത്. ഇതിന് 30 മുതൽ 45 രൂപവരെയാണ് വില. സാധാരണ 25 രൂപയിൽ താഴെയായിരുന്നു. ഏതാനും വർഷങ്ങളായി ലഭിക്കാതിരുന്ന മത്തി ഇക്കുറി ചെറിയ തോതിൽ ലഭ്യമായെങ്കിലും വൻ വിലക്കാണ് ലേലത്തിൽ പോകുന്നത്. ഇതുകാരണം പ്രദേശവാസികൾക്ക് മീൻ കിട്ടുന്നില്ല. സീസണോടനുബന്ധിച്ച് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനിൽ മുഴുവൻ സമയ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

സജ്ജം

സുരക്ഷയ്ക്കായി ഫിഷറീസ് വകുപ്പിന്റെ മറൈൻ ആംബുലൻസ് 'പ്രതീക്ഷ"യും വിഴിഞ്ഞത്ത് സജ്ജമായി. താത്കാലിക ലൈഫ് ഗാർഡുമാരെയും നിയമിച്ചു. തീരത്ത് ഇതിനോടകം വള്ളങ്ങൾ നിറഞ്ഞു. മഴ ലഭിച്ചതിനാൽ ദിവസങ്ങൾക്കകം മത്സ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ. സീസണിൽ തമിഴ്നാട് അതിർത്തി തീരങ്ങൾ, അഞ്ചുതെങ്ങ്, പൂവാർ, പെരുമാതുറ, പൂന്തുറ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് മത്സ്യത്തൊഴിലാളികൾ ഇവിടേക്കെത്തുന്നത് പതിവാണ്. കടലിൽ മീൻ ഇല്ലാത്തതിനാലും തുടർച്ചയായ മുന്നറിയിപ്പുകളും കാരണം തൊഴിലാളികളിൽ ഭൂരിഭാഗവും കടലിൽ പോകുന്നില്ല. പോകുന്നവർക്ക് ഇന്ധനച്ചെലവിനുള്ള മത്സ്യം പോലും ലഭിക്കുന്നില്ല.

വിജനമായി തീരം

സാധാരണ സീസണിൽ വിഴിഞ്ഞത്ത് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാൽ ഇക്കുറി വളരെ കുറച്ചുപേർമാത്രമാണ് മീൻ വാങ്ങാൻ എത്തുന്നത്. പച്ചക്കറിക്കും ഇറച്ചിക്കും വിലകൂടിയതും സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുകയാണ്. ഹോട്ടൽ ഉടമകളും മീൻ കിട്ടാതെ വിഷമിക്കുകയാണ്.