
തിരുവനന്തപുരം: രാജ്യത്ത് അപൂർവയിനം പക്ഷികൾ കാണപ്പെടുന്ന ഇടമാണ് പുഞ്ചക്കരി ബണ്ട് റോഡും കിരീടംപാലവും ഉൾപ്പെടുന്ന വയലുകൾ. ദേശാടനപ്പക്ഷികളും തദ്ദേശപക്ഷികളും ഉൾപ്പെടെ അപൂർവയിനങ്ങളുടെ സംഗമകേന്ദ്രം. സെപ്തംബർ മുതൽ ഏപ്രിൽ വരെയുള്ള സമയത്താണ് ദേശാടനപ്പക്ഷികൾ എത്തുന്നത്. മറ്റ് പക്ഷികളും ധാരാളം.
മാലിന്യനിക്ഷേപം, മലിനമായ ജലസ്രോതസ്, പ്രകൃതിക്ക് യോജ്യമല്ലാത്ത വികസനങ്ങൾ എന്നിവ മനുഷ്യന് മാത്രമല്ല ഇത്തരം പക്ഷികളുടെ ആവാസ വ്യവസ്ഥയ്ക്കും കനത്ത ഭീഷണിയാണ് ഉയർത്തുന്നത്. മാലിന്യം പെരുകുന്നതോടെ അത് കൊത്തിപ്പറിക്കാൻ പരുന്തും കഴുകനും ഉൾപ്പെടെ എത്തും. ഇതോടെ മറ്റ് പക്ഷികൾ അപ്രത്യക്ഷമാകും.
സൈബീരിയയിൽ നിന്നെത്തുന്ന നീർക്കാടകളും മഞ്ഞവാലുകുലുക്കി പക്ഷികളുമാണ് ഇവിടത്തെ സ്ഥിരം അതിഥികൾ. ഗൾഫ് രാജ്യങ്ങളിൽ കാണപ്പെടുന്ന പവിഴക്കാലികൾ ഇത്തവണ ദേശാടന കാലത്തിന് ശേഷവും പ്രദേശത്തുണ്ട്. തമിഴ്നാട്ടിൽ നിന്ന് ദേശാടനം കഴിഞ്ഞു മടങ്ങുന്ന നീലകവിളൻ വേലിതത്തകൾ പുഞ്ചക്കരിയിലും സമയം ചെലവഴിച്ച ശേഷമാണ് മടങ്ങുന്നത്. യൂറോപ്യൻ പക്ഷിയായ വില്ലോ വാർബ്ലറെ രാജ്യത്ത് ആദ്യമായി കണ്ടെത്തിയത് ഇവിടെയാണെന്ന് പക്ഷി നിരീക്ഷകരുടെ കൂട്ടായ്മയായ വാർബ്ലേഴ്സ് ആൻഡ് വൈഡേഴ്സിന് നേതൃത്വം നൽകുന്ന സുശാന്ത് പറഞ്ഞു.
വംശനാശഭീഷണി നേരിടുന്ന, റെഡ് ഡാറ്റാ ബുക്കിൽ ഇടം പിടിച്ച ലോകത്തെ അപൂർവയിനം പക്ഷിയായ ചേര കോഴിയെയും പ്രദേശത്ത് കാണപ്പെടുന്നുണ്ട്. തദ്ദേശപക്ഷികളായ നീലക്കോഴി, ചായമുണ്ടി, തീപ്പൊരികണ്ണൻ, കാളിക്കാട, കുളക്കോഴി തുടങ്ങിയ തദ്ദേശപക്ഷികളും പ്രദേശത്തെ മനോഹരമാക്കുന്നു. താമരയുടെ മുകളിലൂടെ നടക്കാനാകുന്ന വാലൻ താമരക്കോഴികളും നാടൻ താമരക്കോഴികളും ഇവിടെയുണ്ട്. ആക്കുളം കായൽ മലിനപ്പെട്ടതോടെ ഇവിടെ പക്ഷികളുടെ എണ്ണം കൂടി. പുഞ്ചക്കരിയും വെള്ളായണിക്കായലും മലിനപ്പെട്ടാൽ പക്ഷികളുടെ ആവാസവ്യവസ്ഥയും തകരുമെന്നതിൽ സംശയമില്ല.
വികസനം പച്ചപ്പ് നിലനിറുത്തിയാകണം
സമീപഭാവിയിൽ വലിയ വികസനമാണ് പ്രദേശത്തെ കാത്തിരിക്കുന്നത്. എന്നാൽ നിലവിലുള്ള പച്ചപ്പ് നശിപ്പിച്ചുകൊണ്ടാണ് അത് നടപ്പാക്കുന്നതെങ്കിൽ ദേശാടനപ്പക്ഷികളും തദ്ദേശപക്ഷികളും അകലും. ഇതിനോടകം പ്രദേശത്ത് മരം മുറിക്കലും വെട്ടിനശിപ്പിക്കലും നടത്തിയിട്ടുണ്ട്. കായലിന്റെ പലയിടങ്ങളും നികത്തുകയും ചെയ്തു. പച്ചപ്പും തണലും മരങ്ങളുമില്ലാതെ കോൺക്രീറ്റ് കെട്ടിടങ്ങൾ മാത്രമായാൽ
പ്രദേശത്തിന്റെ ഇന്നത്തെ ഭംഗി ഓർമ്മയാകും.