
കിളിമാനൂർ: സംസ്ഥാനപാതയിൽ ഇന്ധനം നിറച്ച ടാങ്കർ ലോറി തോട്ടിലേക്ക് മറിഞ്ഞു. കിളിമാനൂർ തട്ടത്തുമല മണലേത്തു പച്ചയിൽ ഇന്നലെ പുലർച്ചെ 2.30ഓടെയായിരുന്നു അപകടം. ശക്തമായ മഴയിൽ നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറെയും ക്ലീനറെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയത്ത് നിന്ന് നെടുമങ്ങാട്ടെ ഭാരത് പെട്രോളിയത്തിന്റെ പമ്പിലേക്ക് പോവുകയായിരുന്നു ലോറി. പതിനായിരം ലിറ്റർ വീതം പെട്രോളും ഡീസലുമാണ് വാഹനത്തിലുണ്ടായിരുന്നത്. ടാങ്കറിൽ നിന്ന് ചോർന്ന ഇന്ധനം തോട്ടിലൂടെ കിലോമീറ്ററുകളോളം ഒഴുകിയെത്തി. ഇത് പ്രദേശവാസികൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചു. ഇന്ധനം ചിറ്റാറിലേക്കും ഒഴുകിയെത്തി. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി ചെറിയ ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തി. വലിയ ക്രെയിൻ എത്തിച്ച് ലോറി റോഡിലേക്ക് കയറ്റാനുള്ള ശ്രമം വൈകിയും തുടരുകയാണ്.