
വക്കം: തൊഴിലുറപ്പ് പണിക്കിടെ തൊഴിലാളിയുടെ തലയിൽ തേങ്ങ വീണ് ഗുരുതരമായി പരിക്കേറ്റു. വക്കം മൊട്ടമൂട്ടിൽ പ്രസന്നയ്ക്കാണ് (65) തേങ്ങ വീണ് പരിക്കേറ്റത്.കഴിഞ്ഞ ദിവസം രാവിലെ 11ഓടെ വക്കം ഗ്രാമപഞ്ചായത്തിലെ 3-ാം വാർഡ് മൊട്ടമൂട്ടിൽ പാട്ടകൃഷിക്കായി സ്വകാര്യ വ്യക്തിയുടെ പുരയിടം വൃത്തിയാക്കുന്നതിനിടയിലായിരുന്നു സംഭവം.
30ഓളം തൊഴിലാളികളുണ്ടായിരുന്നു. ഉടൻ പ്രസന്നയെ വർക്കല താലൂക്കാശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയുമായിരുന്നു.
തലയിൽ 10ഓളം സ്റ്റിച്ചുകളുണ്ട്.കൂടാതെ രണ്ട് പല്ലുകളും ഇളകിയിട്ടുണ്ട്.വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം പ്രസന്ന വീട്ടിലെത്തി.