general

ബാലരാമപുരം: ഓണത്തെ വരവേൽക്കാൻ ബാലരാമപുരം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പുഷ്പകൃഷിയുടെ നടീൽ ഉദ്ഘാടനം നെല്ലിവിള പതിമൂന്നാം വാർഡിൽ ജമന്തി തൈനട്ട് പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ നിർവഹിച്ചു. ഇത്തവണ ജമന്തി കൂടാതെ വാടാമുല്ല ഉൾപ്പെടെ വിവിധതരം പൂക്കളാണ് കൃഷി ചെയ്യുന്നത്. വിവിധ വാർഡുകളിൽ അഞ്ചേക്കർ ഭൂമിയിൽ സംയോജിതകൃഷി രീതിയിൽ പുഷ്പ കൃഷി കൂടാതെ പച്ചക്കറി, വാഴ, മരച്ചീനി തുടങ്ങിയ കാർഷിക വിളകളും ഒപ്പം കൃഷി ചെയ്യും. യോഗത്തിൽ വൈസ് പ്രസിഡന്റ് ഷാമില ബീവി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ്, പഞ്ചായത്ത് അംഗങ്ങളായ വത്സലകുമാരി, രവീന്ദ്രൻ, സുനിൽകുമാർ, സിന്ധു, ജോസ്, സുധാകരൻ, പുള്ളിയിൽ പ്രസാദ്, കൃഷി ഓഫീസർ സന്ധ്യ, സരിത തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് നേതൃത്വം കൊടുക്കുന്ന പുഷ്പ കൃഷിയിൽ പൗർണമി കൃഷിക്കൂട്ടവും തൊഴിലുറപ്പ് തൊഴിലാളികളും കൃഷിഭവൻ ഉദ്യോഗസ്ഥരും പങ്കാളികളാകും.