നെടുമങ്ങാട്: വഴയില – പഴകുറ്റി നാലുവരിപ്പാത നിർമ്മാണം ആഗസ്റ്റിൽ ആരംഭിക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. വഴയില മുതൽ പഴകുറ്റി വരെ 9.5 കി.മീറ്ററും നെടുമങ്ങാട് ടൗണിൽ പഴകുറ്റി പെട്രോൾ പമ്പ് ജംഗ്ഷനിൽ നിന്നാരംഭിച്ച് കച്ചേരിനട വഴി 11ാം കല്ലുവരെയുള്ള 1.240 കി.മീറ്റർ ഉൾപ്പെടെ 11.240 കി.മീ. റോഡാണ് നാലുവരി പാതയാക്കുന്നത്. 928.8 കോടി രൂപ കിഫ്ബി അനുവദിച്ചിട്ടുണ്ട്. 15 മീറ്റർ ടാറിംഗും സെന്ററിൽ 2 മീറ്റർ മീഡിയനും ഇരുവശങ്ങളിലുമായി 2 മീറ്റർ വീതിയിൽ യൂട്ടിലിറ്റി സ്പേസും ഉൾപ്പെടെ 21 മീറ്ററിലാണ് റോഡ് നിർമ്മിക്കുന്നത്. മൂന്ന് റീച്ചുകളിലായി പൂർത്തിയാവും. ആദ്യ റീച്ചായ വഴയില മുതൽ കരകുളം കെൽട്രോൺ ജംഗ്ഷൻ വരെയുള്ള 4 കി.മീ. സിവിൽ വർക്കും പാലവും 79.4 കോടി രൂപയ്ക്കും കരകുളം ഫ്ലൈ ഓവർ 50 കോടി രൂപയ്ക്കും ടെൻഡർ ചെയ്തിരുന്നു. പേരൂർക്കട, കരകുളം വില്ലേജുകളിൽ നിന്നായി 7. 81 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. 201 ഭൂഉടമകൾക്ക് പുനരധിവാസത്തിന് 117,77,40,869 കോടി രൂപ (നൂറ്റിപതിനേഴ് കോടി എഴുപത്തിയേഴ് ലക്ഷത്തി നാല്പതിനായിരത്തി എണ്ണൂറ്റി അറുപത്തി ഒൻപത്) വിതരണം ചെയ്തിട്ടുണ്ട്. 64 കുടുംബങ്ങൾക്കാണ് ഇനി തുക വിതരണം ചെയ്യാനുള്ളത്. 36 പേരും വസ്തുവിന്റെ രേഖകൾ ഹാജരാക്കിയിട്ടില്ല. കിഫ്ബി എൽ.എ യൂണിറ്റ് -1 തഹസീൽദാർ ഓഫീസിൽ ഇവർ എത്രയുംവേഗം രേഖകളുമായി ഹാജരാകണം. ആദ്യ റീച്ചിലെ ബാലൻസ് നഷ്ടപരിഹാരത്തുക 72.79 കോടി കിഫ്ബി ഇന്ന് കൈമാറിയിട്ടുണ്ട്. തുക ലഭിക്കാനുള്ള മുഴുവൻ പേർക്കും ജൂലായിൽ ലഭ്യമാകും. വ്യാപാര സ്ഥാനങ്ങൾ കൂടുതൽ ഉള്ള മൂന്നാം റീച്ചിൽ സമയ ബന്ധിതമായി വാലുവേഷനും വില നിർണയവും പുനരധിവാസ പാക്കേജും തയ്യാറാക്കാൻ നിർദ്ദേശം നല്കിയതായും മന്ത്രി പറഞ്ഞു.
റീച്ച് - 2 വാളിക്കോട് ജംഗ്‌ഷൻ വരെ
*അരുവിക്കര, കരകുളം, നെടുമങ്ങാട് വില്ലേജുകളിൽ നിന്നായി 11.34 ഏക്കർ ഭൂമി ഏറ്റെടുക്കും.
*പുനരധിവാസ പാക്കേജ് ലാൻഡ് റവന്യു കമ്മീഷണർ അംഗീകരിച്ചു.
*ലാൻഡ് അക്വിസേഷനായി 173.89 കോടി കിഫ്ബി അനുവദിച്ചു.
*മതിയായ നഷ്ടപരിഹാരം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം.
റീച്ച് - 3 പഴകുറ്റി പമ്പ് ജംഗ്ഷൻ കച്ചേരിനട 11-ാം കല്ല് വരെ
*6. 80 ഏക്കർ ഭൂമി ഏറ്റെടുക്കും.
*322.58 കോടി ഭൂമി ഏറ്റെടുക്കുന്നതിനായി കിഫ്ബി അനുവദിച്ചു.
*11(1) നോട്ടീസ് 25-5-2023 ൽ പബ്ലിഷ് ചെയ്തു.