ശംഖുംമുഖം: വ്യാജ മേൽവിലാസം നൽകി പാസ്‌പോർട്ട് എടുത്തയാൾ പിടിയിൽ. വേളി മാധവപുരം കാട്ടുവിളാകം വീട്ടിൽ സായൂജി സതീഷാണ് പൂന്തുറ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം സസ്‌പെൻഷനിലായ സി.പി.ഒ പ്രവീൺ കുമാർ നൽകിയ വ്യാജ മേൽവിലാസം വച്ചാണ് ഇയാൾ പാസ്‌പോർട്ട് എടുത്തത്.
മാധവപുരം സ്വദേശിയായ സതീഷിന്റെ പേരിൽ വ്യാജരേഖകൾ ചമച്ച് ഇയാൾ ബീമാപള്ളി പ്രദേശത്ത് താമസിക്കുന്നയാളാണെന്ന് വരുത്തിത്തീർത്തു. തുടർന്ന് പൂന്തുറ പൊലീസ് സ്റ്റേഷനിൽ പാസ്‌പോർട്ട് വെരിഫിക്കേഷൻ ചുമതലയുണ്ടായിരുന്ന സി.പി.ഒ പ്രവീൺ തുടർ നടപടികൾ സ്വീകരിക്കുകയായിരുന്നു.
തുമ്പ പൊലീസ് സ്റ്റേഷനിൽ വ്യാജ പാസ്‌പോർട്ടുണ്ടാക്കിയ കേസിൽ നേരത്തെ ആറുപേർ പിടിയിലായിരുന്നു. ഈ കേസിൽ ഏജന്റായ സുനിൽകുമാർ നൽകിയ മൊഴിയിലാണ് മാധവപുരം സ്വദേശിക്ക് പൂന്തുറ പൊലീസിന്റെ സഹായത്തോടെ പാസ്‌പോർട്ട് എടുത്തുനൽകിയെന്ന് വെളിപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സതീഷിനെ സി.പി.ഒ പ്രവീൺകുമാർ സഹായിച്ചതായി കണ്ടെത്തിയത്.