തിരുവനന്തപുരം: ആക്കുളം കായൽ പുനരുജ്ജീവനപദ്ധതിയുടെ തുടർ നടപടികൾ വേഗത്തിലാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. കരാറിൽ ഏർപ്പെടുന്നതിന് മുമ്പ് കരാർ വ്യവസ്ഥകൾ പരിശോധിക്കുന്നതിനായി കിഫ്ബിയുടെ മേൽനോട്ടത്തിൽ ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ചിരുന്നു. ജലപുനരുജ്ജീവന ഘടകങ്ങളുടെ യോഗ്യത ഉൾപ്പെടെയുള്ള പരിശോധനയാണ് ഈ കമ്മിറ്റി നടത്തുന്നത്. ഈ പരിശോധന വേഗത്തിൽ പൂർത്തിയാക്കി റിപ്പോർട്ട് ലഭിച്ചശേഷമാകും തുടർ നടപടികൾ സ്വീകരിക്കുകയെന്നും കടകംപള്ളി സുരേന്ദ്രൻ സമർപ്പിച്ച സബ്മിഷന് മറുപടിയായി അദ്ദേഹം പറഞ്ഞു.

കരാർ കമ്പനിയെ തിരഞ്ഞെടുത്തതു മുതൽ സർക്കാരിന്റെ ഫ്ളാഗ്ഷിപ്പ് പ്രോജക്ടുകളിൽ ഒന്നായ ആക്കുളം കായൽ പുനരുജ്ജീവനപദ്ധതി നടപ്പാക്കാൻ അതിന്റെ എസ്.പി.വി ആയ വാപ്‌കൊസിനും വകുപ്പ് ഉദ്യോഗസ്ഥർക്കും അവരുടെ നിഗൂഢ അജൻഡകളുടെ ഭാഗമായി എന്തോ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ സബ്മിഷൻ. ചുമതലകൾ നിർവഹിക്കാതിരിക്കുകയോ തടസവാദങ്ങൾ ഉന്നയിച്ച് പദ്ധതിക്ക് വിലങ്ങ് ഇടുകയോ ആണ് എസ്.പി.വിയും ഒരുകൂട്ടം ഉദ്യോഗസ്ഥരും ചെയ്യുന്നത്. ടൂറിസം വികസനത്തിനൊപ്പം തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരവുമാകുന്ന ഈ പദ്ധതി അട്ടിമറിക്കപ്പെടാതിരിക്കാനും കൂടുതൽ കാലതാമസമില്ലാതെ നിർവഹിക്കുന്നതിന് ഇടപെടൽ ഉണ്ടാകണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു.

'ആക്കുളം കായൽ പുനരുജ്ജീവനവും നീർത്തട സംരക്ഷണവും" പദ്ധതി

മാലിന്യ നിക്ഷേപവും കുളവാഴകളും നിറഞ്ഞ് മലിനമായ ആക്കുളം കായലിന്റെ സംരക്ഷണത്തിനും ടൂറിസം വികസനത്തിനുമായി കിഫ്ബി സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് 'ആക്കുളം കായൽ പുനരുജ്ജീവനവും നീർത്തട സംരക്ഷണവും" പദ്ധതി. ഏകദേശം 225 ഏക്കർ വിസ്തീർണ്ണമുള്ള ആക്കുളം കായലും അനുബന്ധ തോടുകളും ശുദ്ധീകരിച്ച് ടൂറിസം പ്രവർത്തനങ്ങൾക്ക് ഉതകത്തക്ക രീതിയിലുള്ള സുസ്ഥിരവും പരിസ്ഥിതി സൗഹാർദ്ദവുമായ വികസനമാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.

2018 ഡിസംബർ മൂന്നിന് 128.68 കോടി രൂപയ്ക്ക് തത്വത്തിലുള്ള അംഗീകാരം ലഭിച്ചു.
എസ്.പി.വി ആയി വാപ്‌കൊസ് എന്ന സ്ഥാപനത്തെ നിയമിച്ചു.
 2019 ഒക്ടോബർ 19ന് 185.23 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതിക്ക് തത്വത്തിൽ അംഗീകാരം നൽകി