തിരുവല്ല : ഉപദേശിക്കടവ് പാലത്തിന്റെ നിർമ്മാണം പരുമല തീർത്ഥാടനം ആരംഭിക്കുന്ന ഒക്ടോബറിനു മുമ്പ് പൂർത്തിയാക്കുന്നതിനുള്ള പരമാവധി ശ്രമങ്ങൾ നടത്തുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് മാത്യു.ടി.തോമസിന്റെ സബ്മിഷനു മറുപടിയായി നിയമസഭയിൽ പറഞ്ഞു.

ഉപദേശികടവ് പാലത്തിന്റെ നിർമ്മാണത്തിനായി 23.73 കോടി രൂപയുടെ ഭരണാനുമതി നൽകുകയും 2020 നവംബറിൽ പ്രവൃത്തി ആരംഭിക്കുകയും ചെയ്തിരുന്നു. പാലത്തിന്റെ പെയിന്റിംഗ് ഒഴികെയുള്ള പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്. പരുമല ഭാഗത്തെ അപ്രോച്ച് റോഡിന്റെ പണികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പ്രാവിൻകൂട് ഭാഗത്തെ മണ്ണിന്റെ ഉറപ്പ് കുറവായതിനാൽ അപ്രോച്ച് റോഡിനായി വീണ്ടും മണ്ണ് പരിശോധന നടത്തുകയും സംരക്ഷണഭിത്തിക്ക് രൂപരേഖ തയാറാക്കേണ്ടതായും വന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കി അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.