
കോവളം :പാച്ചല്ലൂരിലെ മോഷണ പരമ്പരയിലെ പ്രധാനിയായ കൊച്ചു ഷിബുവിന് പിന്നാലെ മുഖ്യകൂട്ടാളിയെയും തിരുവല്ലം പൊലീസ് അറസ്റ്റുചെയ്തു.നെടുമങ്ങാട് പഴകുറ്റി നഗരിക്കുന്ന് ചിറത്തലയ്ക്കൽ പുത്തൻവീട്ടിൽ വാള് ഗോപുവാണ് (42) അറസ്റ്റിലായത്.കേസിലെ പ്രധാനിയായ വാമനപുരം അമ്പലമുക്ക് മംഗ്ലാവുവിള വീട്ടിൽ കൊച്ചുഷിബുവിനെ (41) ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു.പാച്ചല്ലൂർ,തിരുവല്ലം പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ആളില്ലാത്ത വീടുകളിൽ കയറി മോഷണം നടത്തിയ സംഭവത്തിലാണ് ഇവരെ പിടികൂടിയത്.
സംസ്ഥാനത്തിനകത്തും പുറത്തുമായി ഗോപുവിന് വിവിധ പൊലീസ് സ്റ്റേഷനുകളിൽ 200 ഓളം കേസുകളുണ്ടെന്നും മോഷ്ടിച്ച് ലഭിക്കുന്ന പണം കൊണ്ട് ഇയാൾ സംസ്ഥാനത്തിന് പുറത്ത് ആഢംബര ജീവിതം നയിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.പലപ്രാവശ്യം ജയിൽശിക്ഷ കഴിഞ്ഞുവന്ന പ്രതികൾ പല ജില്ലകളിലും ലോഡ്ജുകളിൽ വാടകയ്ക്ക് താമസിക്കുകയും സഹായത്തിനായി തമിഴ്നാട്ടിൽ നിന്ന് സംഘങ്ങളെ നിയോഗിച്ചിരുന്നതായും തെളിവുകൾ ലഭിച്ചിട്ടുണ്ട്.വരും ദിവസങ്ങളിൽ കൂടുതൽ മോഷണക്കേസുകൾ പുറത്തുവരുമെന്നും പൊലീസ് പറഞ്ഞു.തിരുവല്ലം പൊലീസ് എസ്.എച്ച്.ഒ ആർ.ഫയസ്,എസ്.ഐമാരായ ഉണ്ണിക്കൃഷ്ണൻ,ഗോപകുമാർ,ബിജു,ഗ്രേഡ് എസ്.ഐ മോഹനചന്ദ്രൻ,സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷിജു,വിനയകുമാർ,വിജേഷ്,സജൻ എന്നിവർ ചേർന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു.