
വിതുര: മലയോര മേഖലയിൽ വീണ്ടും മഴ കനക്കുന്നു. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലുമുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും മലയോരമേഖലയിലെ വിവിധ പഞ്ചായത്തുകളിൽ കനത്ത നാശനഷ്ടങ്ങൾ വിതച്ചു.
റോഡരികിൽ നിന്ന മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണു. തെങ്ങുകളും നിലംപൊത്തി. കൂടെ വ്യാപക കൃഷിനാശവും. വാഴ, പച്ചക്കറി കൃഷികൾ വ്യാപകമായി നശിച്ചു. കർഷകർക്ക് പതിനായിരക്കണക്കിന് രൂപയുടെ നാശനഷ്ടമാണുണ്ടായത്. വൈദ്യുതി ലൈനുകൾ പൊട്ടിവീഴുകയും, പോസ്റ്റുകൾ തകരുകയും ചെയ്തതോടെ മണിക്കൂറുകളോളം വൈദ്യുതി തടസപ്പെട്ടു.
വൈദ്യുതി വകുപ്പിനും കനത്ത നാശനഷ്ടമുണ്ടായി. എസ്റ്റേറ്റുകളിലും, വിളകളിലുമായി നൂറുകണക്കിന് റബർ മരങ്ങൾ പിഴുതുവീണു. നിരവധി വീടുകളുടെ മേൽക്കൂരകൾക്കും കേടുപാടുണ്ടായി.
മഴ തകർക്കുന്നു
മൂന്ന് ദിവസമായി മലയോര മേഖലയിൽ മഴ തിമിർത്തു പെയ്യുകയാണ്. പൊൻമുടി, ബോണക്കാട്, കല്ലാർ, പേപ്പാറ വനമേഖലകളിലാണ് കൂടുതൽ മഴ പെയ്യുന്നത്. മഴയെ തുടർന്ന് വാമനപുരം നദിയിലെ നീരൊഴുക്കും സജീവമായതോടെ നദിയിൽ കുളിക്കുന്നതിനും നിയന്ത്രണമുണ്ട്.
ജലനിരപ്പുയർന്നു
പേപ്പാറ ഡാമിലെ ജലനിരപ്പ് ഉയർന്നു.
കനത്ത മഴയത്തും കാറ്റത്തും വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ ആദിവാസിമേഖലകളിൽ രണ്ട് വീടുകൾ തകരുകയും, കാർഷിക വിളകൾ നശിക്കുകയും ചെയ്തു.
പൊൻമുടിയിൽ വൻതിരക്ക്, സഞ്ചാരികൾ ജാഗ്രത പാലിക്കണം
പ്രതികൂല കാലാവസ്ഥയിലും പൊൻമുടിയിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം പൊൻമുടിയിലും മഴ കേരിച്ചെരിയുകയായിരുന്നു. കാറ്റും മഴയും എത്തിയതോടെ സഞ്ചാരികൾ പെട്ടെന്ന് പൊൻമുടി മലയിറങ്ങി. പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ ചിലയിടങ്ങളിൽ റോഡ് വെള്ളത്തിൽ മുങ്ങുകയും ഗതാഗത തടസമുണ്ടാകുകയും ചെയ്തു. മഴ ശക്തിപ്പെട്ട സാഹചര്യം കണക്കിലെടുത്ത് സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശമുണ്ട്. മഴ ശക്തിപ്പെട്ടാൽ പൊൻമുടി അടച്ചിടാനാണ് സാദ്ധ്യത.
 ഗതാഗതം തടസപ്പെട്ടു
ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് പൊൻമുടി വിതുര റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ചേന്നൻപാറ പെട്രോൾ പമ്പിന് സമീപം നിന്ന മരണാണ് കടപുഴകി റോഡിലേക്ക് പതിച്ചത്. വൈദ്യുതിലൈൻ പൊട്ടി വീഴുകയും പോസ്റ്റ് ഒടിയുകയും ചെയ്തു. ഇതോടെ വിതുര മേഖലയിൽ മണിക്കൂറോളം വൈദ്യുതി തടസപ്പെട്ടു. വിതുര ഇലക്ട്രിക്‌സിറ്റി ഓഫീസിലെ ജീവനക്കാർ മണിക്കൂറുകളോളം പണിപ്പെട്ടാണ് വൈദ്യുതിവിതരണം പുനഃസ്ഥാപിച്ചത്.