
കല്ലറ: കല്ലറ പഞ്ചായത്തിൽ പാൽക്കുളം വാർഡിൽ ഇന്നലെ ഉണ്ടായ മഴയിലും കാറ്റിലും നിരവധി വീടുകൾ തകരുകയും, ഏക്കർ കണക്കിന് വാഴ ഉൾപ്പെടെയുള്ളവയ്ക്ക് കൃഷിനാശം സംഭവിക്കുകയും ചെയ്തു. പാൽക്കുളത്തെ സബൂറാ ബീവിയുടെ വീട് ഭാഗികമായി തകർന്ന് വാസയോഗ്യമല്ലാതായി. ഏകദേശം വീടിന് രണ്ട് ലക്ഷം രുപയുടെ നഷ്ടം സംഭവിച്ചെങ്കിലും ആളപായമില്ല. പാട്ടറ ബേബി പിള്ള, ഉഷ കുമാരി എന്നിവരുടെ വീടുകൾക്കും കൃഷിയിടങ്ങളിലും നാശനഷ്ടം ഉണ്ടായി. റോഡിലേക്ക് മരങ്ങൾ വീണ് ഗതാഗത തടസവും, ഇലക്ട്രിക് ലൈനിലേക്ക് മരങ്ങൾ വീണ് വൈദ്യുതി തടസവും ഉണ്ടായി. സമീപത്തുള്ള തെങ്ങുകോട് വാർഡിലും കൃഷി നാശം സംഭവിച്ചിട്ടുണ്ട്. കൃഷിനാശമുണ്ടായവർക്ക് അടിയന്തരമായി സർക്കാർ സഹായം ലഭ്യമാക്കാൻ സത്വര നടപടി കൈക്കൊള്ളണമെന്ന് ദേശീയ കർഷകതൊഴിലാളി ഫെഡറേഷൻ സംസ്ഥാന ഭാരവാഹിയായ താളിക്കുഴി ചന്ദ്രനും ജില്ലാ സെക്രട്ടറി കല്ലറ ബേബി പിള്ളയും കിസ്സാൻ കല്ലറ യൂണിറ്റ് പ്രസിഡന്റ് ഗോപകുമാറും ആവശ്യപ്പെട്ടു.